കുവൈത്ത് സിറ്റി: കുവൈത്തിൽ റസ്റ്റാറൻറ് മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം. വിദേശത്തുനിന്നുള്ള റിക്രൂട്ട്മെൻറ് നിലക്കുകയും നിരവധി തൊഴിലാളികൾ കഴിഞ്ഞവർഷം കുവൈത്ത് വിടുകയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 8641 റസ്റ്റാറൻറ് ജോലിക്കാർ കുവൈത്ത് വിട്ടു. കോവിഡ് പ്രതിസന്ധി ആരംഭിച്ച 2020 മാർച്ച് മുതൽ 2021 മാർച്ച് വരെയുള്ള കണക്കാണിത്.
ഒൗദ്യോഗിക കണക്ക് ഇങ്ങനെയാണെങ്കിൽ പുറത്തെ വിസയിൽ ജോലി ചെയ്തിരുന്നവരെകൂടി കണക്കാക്കിയാൽ തിരിച്ചുപോയവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണ്. റസ്റ്റാറൻറ് ഫെഡറേഷൻ പുറത്തുവിട്ട കണക്കുകളിൽ കൂടുതലും വലിയ കഫേകളും റസ്റ്റാറൻറുകളുമാണ്.
നിരവധി ചെറിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ കണക്ക് ഇതിൽ വരുന്നില്ല. ഇന്ത്യൻ റസ്റ്റാറൻറുകളിലും തൊഴിലാളി ക്ഷാമം രൂക്ഷമാണെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. മാന്ദ്യം മാറിയിട്ടില്ലാത്ത അവസ്ഥയിലും ഉയർന്ന ശമ്പളത്തിന് ജോലിക്കാരെ നിയമിക്കേണ്ടിവരുന്നത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് സ്ഥാപന ഉടമകൾ പറയുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റിക്രൂട്ട്മെൻറിന് അനുമതി നൽകണമെന്നും കുവൈത്ത് റസ്റ്റാറൻറ്സ് ആൻഡ് കഫേസ് ഫെഡറേഷൻ മേധാവി ഫഹദ് അർബഷ് ആവശ്യപ്പെട്ടു.
കൊറോണ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് റസ്റ്റാറൻറ് മേഖലയെയാണ്. മാസങ്ങൾ അടച്ചിടേണ്ടിവന്നതോടെ പല സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിട്ടു. നിരവധി പേർ കുവൈത്ത് വിട്ടു. 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്ത തൊഴിലാളികൾക്ക് വിസ പുതുക്കി നൽകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇൗ മേഖലയെ ബാധിച്ചു. ഇത്തരം തൊഴിലാളികളിൽ അധികവും ജോലി ചെയ്തിരുന്നത് റസ്റ്റാറൻറുകളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.