മസ്കത്ത്: കോവിഡിനു മുമ്പുള്ള വിമാന സർവിസുകളെ തിരിച്ചുപിടിക്കാനൊരുങ്ങി ഒമാൻ എയർപോർട്ട്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും സലാല വിമാനത്താവളത്തിലും പുതിയ വിമാനക്കമ്പനികൾ സർവിസ് തുടങ്ങിയിട്ടുണ്ട്. മഹാമാരിക്കു മുമ്പുള്ള റൂട്ടുകൾ സജീവമാക്കാൻ വിവിധ എയർലൈൻ കമ്പനികളുമായി ചർച്ചയിലാണെന്ന് ഒമാൻ എയർപോർട്ട് കമ്പനി സി.ഇ.ഒ ശൈഖ് അയ്മൻ ബിൻ അഹ്മദ് അൽ ഹൊസാനി ഒമാൻ വാർത്ത ഏജൻസിയോട് പറഞ്ഞു. നിലവിൽ സേവനം നടത്തുന്ന വിമാനക്കമ്പനികളുടെ ശേഷി ഉയർത്താനും സർവിസുകളുടെ എണ്ണം വർധിപ്പിക്കാനുമായുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി സമഗ്ര പ്രോത്സാഹന പദ്ധതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
2019ൽ ഒമാനിലെ വിമാനത്താവളങ്ങളിൽ 17.2 ശതകോടി യാത്രക്കാരാണ് എത്തിയത്. മഹാമാരിയുടെ ആദ്യ തരംഗത്തിനുശേഷം 2021ൽ 40 ശതമാനം യാത്രക്കാരുടെ എണ്ണവും എയർപോർട്ടുകൾ വീണ്ടെടുത്തുവെന്നും അൽ ഹൊസാനി പറഞ്ഞു. നിലവിൽ വിമാന സർവിസുകളും മറ്റും വർധിപ്പിച്ച് 2019ലെ യാത്രക്കാരുടെ നിലയിലേക്ക് എത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, ഇതിന് രണ്ടോ മൂന്നോ വർഷമെടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈവർഷം മാർച്ചിൽ 10,672 അന്താരാഷ്ട്ര വിമാനങ്ങളാണ് വിവിധ എയർപോർട്ടുകളിലായി എത്തിയത്. 2021ൽ ഇക്കാലത്ത് 5,865 ഫ്ലൈറ്റുകളായിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഈ വർഷം മാർച്ചിൽ മസ്കത്ത് വിമാനത്താവളം വഴി എത്തുകയും പുറപ്പെടുകയും ചെയ്ത യാത്രക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണുള്ളത്. 1,06,872 ഇന്ത്യക്കാരാണ് ഈ മാസം മസ്കത്ത് എയർപോർട്ടിനെ യാത്രക്കായി ആശ്രയിച്ചത്. 44,869 ആളുകളുമായി ബംഗ്ലാദേശാണ് രണ്ടാം സ്ഥാനത്ത്. തൊട്ടടുത്ത് പാകിസ്താനാണ്; 35,682 യാത്രക്കാർ.
മസ്കത്ത്, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങളിൽനിന്നുള്ള ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 25.3 ശതമാനം വർധിച്ച് 2,914 സർവിസുകളായി. 2021ൽ ഇതേ കാലയളവിലിത് 2,326 വിമാനങ്ങളായിരുന്നുവെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
മസ്കത്ത്, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങളെ ഈ മാർച്ച് അവസാനം വരെ 1.7 ദശലക്ഷത്തിലധികം യാത്രക്കാരാണ് ആശ്രയിച്ചത്. 2021ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 89 ശതമാനത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷം മാർച്ചിൽ 79.1 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷമിത് 7,07,003 യാത്രക്കാരായിരുന്നുവെങ്കിൽ ഇപ്രാവശ്യം 1.2 ദശലക്ഷം ആളുകളായി ഉയർന്നെന്നും റിപ്പോർട്ടിലെ കണക്കുകൾ പറയുന്നു. അന്താരാഷ്ട്ര വിമാനങ്ങളുടെ സർവിസ് 74.4 ശതമാനമായും ഉയർന്നിട്ടുണ്ട്. സലാല എയർപോർട്ടിൽ അന്താരാഷ്ട്ര വിമാനങ്ങളുടെ സർവിസിൽ 138.2 ശതമാനം ഉയർച്ചയാണ് വന്നിട്ടുള്ളത്. ഈ വർഷം മാർച്ച് അവസാനംവരെ 724 അന്താരാഷ്ട്ര വിമാനങ്ങളാണ് ഇവിടെ എത്തിയത്.
ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 18.2 ശതമാനം വർധിച്ച് 915 ഫ്ലൈറ്റുകളായി. 2021ൽ ഇതേ കാലയളവിലിത് 774 വിമാനങ്ങളായിരുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ 41 ശതമാനത്തിന്റെ വർധനയാണ് കാണിക്കുന്നത്. സുഹാർ വിമാനത്താവളത്തിൽനിന്ന് 248 അന്താരാഷ്ട്ര വിമാന സർവിസിലൂടെ 21,532 പേരാണ് യാത്ര ചെയ്തത്. ദുകം വിമാനത്താവളത്തിൽ ആഭ്യന്തര വിമാന സർവിസുകളുടെ എണ്ണം 12.8 ശതമാനമായാണ് ഉയർന്നിട്ടുള്ളത്. 2021ൽ 156 വിമാനങ്ങളായിരുന്നുവെങ്കിൽ ഈ വർഷമിത് 176 എണ്ണമായി. യാത്രക്കാരുടെ എണ്ണത്തിൽ 26.2 ശതമാനത്തിന്റെ വർധനയും വന്നതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.