കുവൈത്ത് സിറ്റി: വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ലുലു ഹൈപ്പർ മാർക്കറ്റും തായ്ലൻഡും ധാരണ. ഇതിന്റെ ഭാഗമായി കുവൈത്തിലെ തായ്ലൻഡ് എംബസി ഉദ്യോഗസ്ഥർ ലുലു ഹൈപ്പർ മാർക്കറ്റിന്റെ റീജനൽ ഓഫിസ് സന്ദർശിച്ചു. കുവൈത്ത് വിപണിയിൽ തായ് ഉൽപന്നങ്ങൾ എത്തിക്കുന്നതിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പങ്ക് എടുത്തുകാണിച്ചുകൊണ്ട് കുവൈത്തും തായ്ലൻഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയായിരുന്നു സന്ദർശന ലക്ഷ്യം.
എംബസി ഉദ്യോഗസ്ഥരെ ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസും മാനേജ്മെന്റ് പ്രതിനിധികളും സ്വീകരിച്ചു. കുവൈത്തും തായ്ലൻഡും തമ്മിലുള്ള വ്യാപാരപങ്കാളിത്തം, ലുലു ഹൈപ്പർ മാർക്കറ്റിലെ തായ് ഉൽപന്നങ്ങളുടെ ശേഖരം എന്നിവ ഇരുവിഭാഗവും ചർച്ചചെയ്തു.
നിലവിൽ കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റ് തായ്ലൻഡിൽനിന്ന് 1000ലധികം ഉൽപന്നങ്ങൾ ഇറക്കുമതിചെയ്യുന്നുണ്ട്. ഭക്ഷ്യ-ഭക്ഷ്യേതര ഇനങ്ങൾ, പുതിയ ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ ഇതിൽ പ്രധാനമാണ്. ലുലു ഹൈപ്പർ മാർക്കറ്റും തായ്ലൻഡും തമ്മിലുള്ള ഗുണപരമായ ഈ പങ്കാളിത്തത്തിൽ എംബസി ഉദ്യോഗസ്ഥർ സന്തോഷം പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇത്തരം സഹകരണങ്ങളുടെ പ്രാധാന്യം വലുതാണെന്നും വ്യക്തമാക്കി.
ലുലു ഹൈപ്പർമാർക്കറ്റിന്റെ ഓഫറുകൾ സമ്പന്നമാക്കുന്നതിൽ തായ് ഉൽപന്നങ്ങൾ വഹിക്കുന്ന നിർണായക പങ്കിന് ഡയറക്ടർ മുഹമ്മദ് ഹാരിസ് അഭിനന്ദനം അറിയിച്ചു. ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം സമ്പുഷ്ടമാക്കുന്നതിലും ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ നൽകുന്നതിനും ലുലു ഹൈപ്പർ മാർക്കറ്റ് പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കി.
എംബസിയുടെ സഹകരണത്തിൽ സെപ്റ്റംബർ അവസാനം ലുലു ഹൈപ്പർ മാർക്കറ്റിൽ തായ്ലൻഡ് പ്രമോഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കാനും ഇരുവിഭാഗവും തീരുമാനമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.