കുവൈത്ത് സിറ്റി: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ കുവൈത്തിന് വീണ്ടും മെഡൽ നേട്ടം. വെള്ളിയാഴ്ച കുമിത്തെ മത്സരത്തിൽ കുവൈത്ത് ദേശീയ കരാട്ടേ ടീം താരം അബ്ദുല്ല ഷഅബാൻ വെള്ളി മെഡൽ നേടി. 60 കിലോഗ്രാമിൽ താഴെയുള്ള കുമിത്തെ മത്സരത്തിലാണ് രാജ്യത്തിനായി അബ്ദുല്ലയുടെ അഭിമാനനേട്ടം. ഇതോടെ 19ാമത് ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ മെഡലുകളുടെ എണ്ണം ഒമ്പതായി. രണ്ടു സ്വർണവും നാലു വെള്ളിയും മൂന്ന് വെങ്കലവുമാണ് കുവൈത്തിന്റെ സമ്പാദ്യം.
ഫൈനൽ പോരാട്ടത്തിൽ ഉസ്ബകിസ്താനി എതിരാളിയോട് 5/7 എന്ന ചെറിയ സ്കോറിനാണ് അബ്ദുല്ല ഷഅബാൻ പരാജയപ്പെട്ടത്. മത്സരത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടിയ അബ്ദുല്ലയെ കുവൈത്ത് അധികൃതർ അഭിനന്ദിച്ചു.
നേരത്തേ ഷൂട്ടിങ്ങിൽ അബ്ദുല്ല അൽ തറാഖി, 110 മീറ്റർ ഹർഡ്ൽസിൽ യാക്കൂബ് അൽ യൂഹ എന്നിവർ സ്വർണവും അമ്പെയ്ത്തിൽ അബ്ദുല്ല അൽ തറാഖി-ഇമാൻ അൽ ഷമ സഖ്യം, ഷൂട്ടിങ് ട്രാപ് ടീമായ തലാൽ അൽ തറാഖി, ഖാലിദ് അൽ മുദാഫ്, അബ്ദുൽ റഹ്മാൻ അൽ ഫൈഹാൻ, ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ തലാൽ അൽ തറാഖി, കരാട്ടേ കുമിത്തെ വിഭാഗത്തിൽ അബ്ദുല്ല ഷഅബാൻ എന്നിവർ കുവൈത്തിനായി വെള്ളിയും നേടി.
ഫെൻസിങ്ങിൽ യൂസഫ് അൽ ഷംലാൻ, കരാട്ടേയിൽ സയ്യിദ് സൽമാൻ അൽ മൗസാവി, ഹാൻഡ്ബാൾ എന്നിവയിലാണ് വെങ്കല മെഡൽ നേട്ടം.
വെള്ളിയാഴ്ച നടന്ന കുതിരയോട്ടം, ജിംനാസ്റ്റിക് മത്സരങ്ങളിൽ കുവൈത്ത് ടീം അംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.