കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക് സഹായവുമായി കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) സന്നദ്ധ മെഡിക്കൽ സംഘം ഗസ്സയിലെത്തി ചികിത്സ നടപടികൾ ആരംഭിച്ചു. കുവൈത്ത് റെഡ് ക്രസന്റ് ഓപറേഷൻസ് തലവനും മെഡിക്കൽ ടീം തലവനുമായ ഡോ. മുസൈദ് അൽ എനെസിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിൽ ഓർത്തോപീഡിക് സർജൻ ഡോ.ഹുസൈൻ ഖുവൈൻ, യൂറോളജി കൺസൾട്ടന്റ് ഡോ.ഫൈസൽ അൽ ഹജ്രി, അനസ്തേഷ്യ കൺസൾട്ടന്റ് ഡോ.മുഹമ്മദ് ഷംസ, സർജിക്കൽ കൺസൾട്ടന്റ് ഡോ.മുഹമ്മദ് ഹൈദർ എന്നിവർ ഉൾപ്പെടുന്നു.
മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയും സംഘം ഗസ്സയിൽ എത്തിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേൽക്കുകയും രോഗികളാകുകയും ചെയ്ത ഫലസ്തീനികൾക്ക് സംഘം ചികിത്സ നൽകും. റഫയിലെ യൂറോപ്യൻ ആശുപത്രിയിലും കുവൈത്ത് സ്പെഷലൈസ്ഡ് ആശുപത്രിയിലും സംഘം ശസ്ത്രക്രിയകൾ നടത്തും. ഗസ്സയിൽ കെ.ആർ.സി.എസ് ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിന്റെ മേൽനോട്ടവും വഹിക്കും. താൽകാലിക അഭയകേന്ദ്രങ്ങളിലും ക്യാമ്പുകളിലും കഴിയുന്ന ആളുകൾക്കും സഹായം എത്തിക്കും. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് കുവൈത്തിൽ നിന്നുള്ള മെഡിക്കല്‍ സംഘം ഗസ്സയില്‍ എത്തുന്നത്. വ്യാഴാഴ്ച കുവൈത്തിൽ നിന്ന് വിമാനത്തിൽ പുറപ്പെട്ട സംഘം വെള്ളിയാഴ്ച ഈജിപ്തിലെ റഫ അതിർത്തി വഴി ഗസ്സയിൽ പ്രവേശിച്ചു. ഗസ്സയിലെ ആരോഗ്യ പ്രവർത്തകർ കുവൈത്ത് ടീമിനെ സ്വാഗതം ചെയ്തു.
ആശുപത്രികളെയും ആരോഗ്യകേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ഇസ്രായേൽ ആക്രമണം നടത്തുന്നതിനാൽ ഗസ്സയിൽ ചികിത്സയും മരുന്നുകളുടെ ലഭ്യതയും പരിമിതമാണ്. ഈ ഘട്ടത്തിലാണ് കുവൈത്ത് സംഘം ഗസ്സയിൽ എത്തിയത്. ഫലസ്തീൻ ജനതയെ സഹായിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് കെ.ആർ.സി.എസ് വ്യക്തമാക്കി. ഗസ്സയിലേക്ക് ദുരിതാശ്വാസ മാനുഷിക സഹായവസ്തുക്കളുമായി കുവൈത്ത് ഇതുവരെ 46 വിമാനങ്ങൾ അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.