കുവൈത്ത് സിറ്റി: മൈക്രോസോഫ്റ്റ് സേവനങ്ങളുടെ ആഗോള തടസ്സം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള പ്രവർത്തനങ്ങളെയും ബാധിച്ചു. പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തി വരികയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ)അറിയിച്ചു. ലോകമെമ്പാടുമുള്ള നിരവധി വിമാനങ്ങളെ ഈ തകരാർ ബാധിച്ചതായി ഡി.ജി.സി.എ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു.
കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ്, അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ എന്നിവയുമായി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഏകോപനം നടന്നുവരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ആഗോള പ്രശ്നത്തിൽ സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും അറിയിച്ചു. തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തെ സാങ്കേതിക തകരാർ ബാധിച്ചതായി കുവൈത്ത് ആസ്ഥാനമായുള്ള ജസീറ എയർവേയ്സ് അറിയിച്ചു. എയർലൈൻ ഐ.ടി പ്രവർത്തനങ്ങളെയും പ്രശ്നം സാരമായി ബാധിച്ചു.വെള്ളിയാഴ്ച രാവിലെയാണ് സാങ്കേതിക തകരാർ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തെ ബാധിച്ചത്.
ഇതോടെ ലോകവ്യാപകമായി ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകൾ പണിമുടക്കി. വിമാനത്താവളങ്ങളിൽ കമ്പ്യൂട്ടറുകൾ നിശ്ചലമായത് ചെക്ക്-ഇൻ പ്രവർത്തനങ്ങളെ വരെ ബാധിച്ചു. കോഴിക്കോട്-കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിന് കുവൈത്തിൽ എത്തിയെങ്കിലും തിരിച്ചുള്ള വിമാനം പുറപ്പെടാൻ അൽപ്പം വൈകി. ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ എയർലൈനുകളെല്ലാം മൈക്രോസോഫ്റ്റിന്റെ തകരാർ തങ്ങളെ ബാധിച്ചു.ആഗോളതലത്തിൽ ബാങ്കുകൾ, വിമാനങ്ങൾ, മീഡിയ ഔട്ട് ലെറ്റുകൾ എന്നിവയെ പ്രശ്നം ബാധിച്ചെങ്കിലും വെള്ളിയാഴ്ച കുവൈത്തിൽ അവധി ദിവസമായതിനാൽ ബാങ്കുകളിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കുവൈത്ത് സിറ്റി: ആഗോളതലത്തിൽ നേരത്തേ തന്നെ ഉണ്ടായ ഐ.ടി തടസ്സം നേരിടാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതായി കുവൈത്ത് ഐ.ടി, സൈബർ സെക്യൂരിറ്റി മേഖലയിലുള്ളവർ വ്യക്തമാക്കി.
കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ), സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി (സി.എ.ഐ.ടി), നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ (എൻ.സി.എസ്.സി) എന്നിവയാണ് സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്.പ്രശ്നം പഠിക്കുന്നതിനും പരിഹാരത്തിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രവർത്തിച്ചു വരികയാണെന്നും അറിയിച്ചു. സാങ്കേതിക ടീമുകൾ സംഭവവികാസങ്ങൾ പിന്തുടരുകയാണ്.
എത്രയും വേഗം സേവനങ്ങൾ പുനരാരംഭിക്കുന്നതിനു പ്രവർത്തനം നടത്തിവരികയാണെന്നും സൂചിപ്പിച്ചു.
ഔദ്യോഗിക മാധ്യമ സ്രോതസ്സുകളിൽ നിന്നും പ്ലാറ്റ്ഫോമുകളിൽ നിന്നും മാത്രം വിവരങ്ങൾ സ്വീകരിക്കാനും തെറ്റായ വിവരങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.