കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു. അബ്ബാസിയയില്‍ വ്യാഴാഴ്ച പുലർച്ച ആരംഭിച്ച പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
മണിക്കൂറുകൾ നീണ്ട പരിശോധനയിൽ 1,359 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. രേഖകളില്ലാത്ത നാലുപേരെ അറസ്റ്റ് ചെയ്തു. റെസിഡൻസി, താമസ നിയമലംഘനത്തിന് 55 പേരെ പിടികൂടി. 21 വാഹനങ്ങൾ, അഞ്ചു മോട്ടോർസൈക്കിളുകൾ എന്നിവ പിടിച്ചെടുത്തു.
വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരെയും പരിശോധനക്കിടെ പിടികൂടി. അനധികൃതമായി രാജ്യത്ത് കഴിയുന്നവരും നിരവധി കേസുകളില്‍ പ്രതികളായവരും ഒളിവിൽ പോയവരും പിടികൂടിയവരില്‍ ഉള്‍പ്പെടും.
പ്രദേശത്തേക്കുള്ള എല്ലാ വഴികളും അടച്ച് ഒരു വാഹനവും ഒഴിവാക്കാതെ സൂക്ഷ്മമായി പരിശോധിച്ചാണ് കടത്തിവിട്ടത്. സിവിൽ ഐ.ഡി കാലാവധി പരിശോധനക്കൊപ്പം കേസുകളോ കുടിശ്ശികകളോ ഉണ്ടോയെന്ന് വിലയിരുത്തിയാണ് ആളുകളെ കടത്തിവിട്ടത്. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, ട്രാഫിക് വകുപ്പ്, പബ്ലിക് സെക്യൂരിറ്റി, സ്പെഷൽ ഫോഴ്സ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം മന്ത്രിയുടെ നേതൃത്വത്തില്‍ സമാനമായ രീതിയില്‍ ഖൈത്താനിലും ഫര്‍വാനിയയിലും പരിശോധനകള്‍ നടന്നിരുന്നു. വരും ദിവസങ്ങളിലും സുരക്ഷപരിശോധന ശക്തമാക്കുമെന്നാണ് സൂചന. പുറത്തിറങ്ങുമ്പോൾ സിവിൽ ഐ.ഡിയും മറ്റു രേഖകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.