കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. പൗരന്മാർക്ക് ഡ്രൈവിങ് ലൈസൻസും അപേക്ഷ ഫോറവും നൽകൽ, പാസ്പോർട്ട് പുതുക്കൽ സേവനം, വീട്ടുജോലിക്കാർക്കായി ഇലക്ട്രോണിക് എൻട്രി വിസ നൽകുക എന്നിവയാണ് പുതിയ സേവനങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വികസിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നടപടികളുടെ വേഗത്തിനും ഓൺലൈൻ വഴിയുള്ള ഇടപാടുകൾ സഹായിക്കുന്നു.
വരും കാലയളവിൽ കൂടുതൽ സേവനങ്ങൾ സഹൽ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹൽ ആപ്പ് ഒരുക്കിയിട്ടുള്ളത്. പത്ത് ലക്ഷത്തിലേറെ പേർ നിലവില്‍ ആപ്പിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മണിക്കൂറുകള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കാത്തുനില്‍ക്കാതെ ഒരൊറ്റ ആപ്ലിക്കേഷനിലൂടെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും എന്നതാണ് സഹൽ ആപ്പിന്റെ മേന്മ. പേപ്പർ അധിഷ്ഠിത ഇടപാടുകൾ പൂർണമായി അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബറിലാണ് സഹൽ ആപ്പ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.