കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം പുതിയ 13 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി തുറക്കാൻ നീക്കം ആരംഭിച്ചു. നിലവിലെ 15 കേന്ദ്രങ്ങൾക്കുപുറമെ പുതിയ കേന്ദ്രങ്ങൾ കൂടി വരുന്നതോടെ രാജ്യത്തെ വാക്സിനേഷൻ ദൗത്യം വേഗത്തിലാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് കുത്തിവെപ്പിന് സൗകര്യം ഒരുക്കുന്നത്. വിവിധ കാരണങ്ങളാൽ കുത്തിവെപ്പ് കേന്ദ്രത്തിൽ എത്താൻ കഴിയാത്തവർക്കായി മൊബൈൽ വാക്സിനേഷൻ യൂനിറ്റുകളും പ്രവർത്തിക്കുന്നു.
കിടപ്പുരോഗികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കൽ ആരോഗ്യമന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ഉപയോഗിച്ച് താമസ സ്ഥലത്ത് എത്തിയാണ് ആരോഗ്യ കാരണങ്ങളാൽ വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്തവർക്ക് കുത്തിവെപ്പ് എടുത്തത്.
അഞ്ച് ആരോഗ്യമേഖലയിലും രണ്ട് മൊബൈൽ യൂനിറ്റുകൾ വീതം നൽകിയാണ് കിടപ്പുരോഗികളുടെ വാക്സിനേഷൻ പൂർത്തിയാക്കിയത്. കിടപ്പുരോഗികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, ആരോഗ്യപ്രശ്നങ്ങള്‍ മൂലം വാക്സിനേഷന് കേന്ദ്രത്തിലേക്ക് എത്താൻ സാധിക്കാത്തവര്‍ എന്നിവർക്കായാണ് മൊബൈല്‍ വാക്സിനേഷന് യൂനിറ്റുകള്‍ ആരംഭിച്ചത്.
കിടപ്പുരോഗികളുടെ വാക്സിനേഷൻ പൂർത്തിയായതോടെ മൊബൈൽ യൂനിറ്റുകൾ ഇനി സഹകരണ സംഘങ്ങൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ എത്തി ജീവനക്കാർക്ക് വാക്സിൻ നൽകാൻ ഉപയോഗിക്കും. ആരോഗ്യ കാരണങ്ങളാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർ ഇനിയും ഉണ്ടെങ്കിൽ ആരോഗ്യമന്ത്രാലയത്തിനെ അറിയിച്ചാൽ വീട്ടിലെത്തി കുത്തിവെപ്പ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.