കുവൈത്ത് സിറ്റി: ഞായറാഴ്ച ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നടക്കുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്-യുജി-2024) കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികളും ഒരുങ്ങി. കുവൈത്തിൽ ഇന്ത്യൻ എജുക്കേഷനൽ സ്കൂളാണ് (ഭാരതീയ വിദ്യാഭവൻ) പരീക്ഷ സെന്റർ. രാവിലെ 11.30 മുതൽ ഉച്ചക്ക് 2.50 വരെയാണ് പരീക്ഷ സമയം. പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് കേന്ദ്രം തുറക്കും. 11 മണിക്ക് മുമ്പ് വിദ്യാർഥികൾ പരീക്ഷ ഹാളിൽ പ്രവേശിക്കണം. അഡ്മിറ്റ് കാർഡ് ഇല്ലാത്ത വിദ്യാർഥികളെയും വൈകി എത്തുന്നവരെയും ഹാളിൽ പ്രവേശിപ്പിക്കില്ല. അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകൾ, കടലാസ് കഷ്ണങ്ങൾ, ജ്യാമിതി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, കാൽക്കുലേറ്റർ, ലോഗ്ടേബിൾ, ഇലക്ട്രോണിക് പേന/സ്കാനർ, കറക്ഷൻ ഫ്ലൂയിഡ് മുതലായവ പരീക്ഷ ഹാളിൽ അനുവദിക്കില്ല.
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത് ബാൻഡ് തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങൾ, പഴ്സ്, ഹാൻഡ്ബാഗ്, ബെൽറ്റ്, തൊപ്പി, ഹെയർ ക്ലിപ്, വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, കാമറ, മൈക്രോചിപ്, ബ്ലൂടൂത്ത് ഉപകരണം, മോതിരം, കമ്മൽ, മൂക്കുത്തി പോലെയുള്ള ആഭരണങ്ങൾ/ലോഹ വസ്തുക്കൾ എന്നിവക്കും വിലക്കുണ്ട്. ഹെവി ക്ലോത്ത്സ് / ഫുൾസ്ലീവ് വസ്ത്രങ്ങൾ എന്നിവ പരീക്ഷ കേന്ദ്രങ്ങളിൽ അനുവദിക്കില്ല. നീണ്ട കൈ, വലിയ ബട്ടണുകൾ, ഫ്ലോറൽ പ്രിന്റിങ് എന്നിവയുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. പരീക്ഷ സമയം പൂർത്തിയാകുന്നതു വരെ വിദ്യാർഥികളെ ഹാൾ വിട്ടു പോകാൻ അനുവദിക്കില്ല. ഇത്തവണ 23,81,833 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 13 ലക്ഷവും പെൺകുട്ടികളാണ്. പരീക്ഷ ഫലം ജൂൺ 14 ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.