ദോഹ: ഭിന്നശേഷിക്കാർക്കായി നിർദേശിച്ച ഇടങ്ങളിൽ വാഹന പാർക്കിങ് അനുവദിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. ഭിന്നശേഷിക്കാരൻ വാഹനത്തിൽ ഇല്ലെങ്കിൽ പെർമിറ്റുള്ള വാഹനം നിർദിഷ്ട പാർക്കിങ് മേഖല ഉപയോഗിക്കരുതെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളോടെയാണ് പുതിയ പെർമിറ്റ് ഫോർമാറ്റ് അവതരിപ്പിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നിയമലംഘനം രജിസ്റ്റർ ചെയ്യാനും പെർമിറ്റ് റദ്ദാക്കാനും ഗതാഗത വകുപ്പിന് അധികാരമുണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഭിന്നശേഷി പെർമിറ്റ് വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശിക്കുന്നു.
അതേസമയം, ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളോടെയാണ് പുതിയ പെർമിറ്റ് ഫോർമാറ്റ് തയാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഭിന്നശേഷിക്കാരുടെ പാർക്കിങ് സ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അതേസമയം, പഴയ പെർമിറ്റുകൾ കാലാവധി അവസാനിക്കുന്നതുവരെ സാധുതയുള്ളതായി തുടരുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പൊതു ഇടങ്ങൾ, പാർക്കുകൾ, മാളുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിനു വേണ്ടിയാണ് പ്രത്യേക ഏരിയ ഇവർക്കായി തയാറാക്കി നൽകുന്നത്. ഇവിടെ, മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് നിയമ ലംഘനവും കടുത്ത നടപടികൾക്ക് ഇട വരുത്തുന്നതുമാണ്. ഭിന്നശേഷിക്കാർക്ക് എല്ലാ ഇടങ്ങളിലും മികച്ച പരിഗണന നൽകുന്ന രാജ്യമാണ് ഖത്തർ. ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉൾപ്പെടെ വമ്പൻ മേളകളിൽ ഇവർക്കായി ഒരുക്കിയ സൗകര്യങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു.
ഭിന്നശേഷി പാർക്കിങ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.