ആളുണ്ടെങ്കിലേ ഭിന്നശേഷി പാർക്കിങ്ങുമുള്ളൂ
text_fieldsദോഹ: ഭിന്നശേഷിക്കാർക്കായി നിർദേശിച്ച ഇടങ്ങളിൽ വാഹന പാർക്കിങ് അനുവദിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. ഭിന്നശേഷിക്കാരൻ വാഹനത്തിൽ ഇല്ലെങ്കിൽ പെർമിറ്റുള്ള വാഹനം നിർദിഷ്ട പാർക്കിങ് മേഖല ഉപയോഗിക്കരുതെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളോടെയാണ് പുതിയ പെർമിറ്റ് ഫോർമാറ്റ് അവതരിപ്പിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നിയമലംഘനം രജിസ്റ്റർ ചെയ്യാനും പെർമിറ്റ് റദ്ദാക്കാനും ഗതാഗത വകുപ്പിന് അധികാരമുണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഭിന്നശേഷി പെർമിറ്റ് വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശിക്കുന്നു.
അതേസമയം, ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളോടെയാണ് പുതിയ പെർമിറ്റ് ഫോർമാറ്റ് തയാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഭിന്നശേഷിക്കാരുടെ പാർക്കിങ് സ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അതേസമയം, പഴയ പെർമിറ്റുകൾ കാലാവധി അവസാനിക്കുന്നതുവരെ സാധുതയുള്ളതായി തുടരുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പൊതു ഇടങ്ങൾ, പാർക്കുകൾ, മാളുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിനു വേണ്ടിയാണ് പ്രത്യേക ഏരിയ ഇവർക്കായി തയാറാക്കി നൽകുന്നത്. ഇവിടെ, മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് നിയമ ലംഘനവും കടുത്ത നടപടികൾക്ക് ഇട വരുത്തുന്നതുമാണ്. ഭിന്നശേഷിക്കാർക്ക് എല്ലാ ഇടങ്ങളിലും മികച്ച പരിഗണന നൽകുന്ന രാജ്യമാണ് ഖത്തർ. ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉൾപ്പെടെ വമ്പൻ മേളകളിൽ ഇവർക്കായി ഒരുക്കിയ സൗകര്യങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു.
ഭിന്നശേഷി പാർക്കിങ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- -ഭിന്നശേഷിക്കാരൻ വാഹനത്തിൽ ഇല്ലെങ്കിൽ പാർക്കിങ് അനുവദനീയമല്ല. നിയമലംഘനം നടത്തിയാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് പെർമിറ്റ് റദ്ദാക്കാൻ അവകാശമുണ്ട്.
- -പെർമിറ്റ് മുൻവശത്തെ വിൻഡ്ഷീൽഡിന് പിന്നിൽ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം.
- - പെർമിറ്റ് നഷ്ടപ്പെട്ടാൽ ഗതാഗത വകുപ്പിന് മുമ്പാകെ 48 മണിക്കൂറിനുള്ളിൽ അറിയിച്ചിരിക്കണം.
- - നഷ്ടപ്പെട്ട പെർമിറ്റ് കണ്ടുകിട്ടുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഗതാഗത വകുപ്പ് കാര്യാലയത്തിലോ ഏൽപിച്ചിരിക്കണം.
- - ഗതാഗത വകുപ്പിന്റെ ഔദ്യോഗിക മുദ്ര ഇല്ലാത്ത പെർമിറ്റുകൾ അസാധുവായി കണക്കാക്കപ്പെടും.
- - പെർമിറ്റ് അനധികൃതമായി ഉപയോഗിച്ചാൽ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കപ്പെടുകയും നിയമലംഘനം രജിസ്റ്റർ ചെയ്യുകയും ചെയ്യും.
- -ഭിന്നശേഷിക്കാർ വാഹനത്തിൽ ഇല്ലാത്തപ്പോൾ പെർമിറ്റ് ഉപയോഗിക്കുന്നതോ പ്രദർശിപ്പിക്കുന്നതോ നിരോധിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.