കുവൈത്ത് സിറ്റി: രാജ്യത്ത് പേജർ സേവനങ്ങളെക്കുറിച്ച ഭീതി വേണ്ട. 20 വർഷം മുമ്പ് സാങ്കേതികവിദ്യ നിർത്തലാക്കിയപ്പോൾ കുവൈത്തിൽ പേജർ ഫ്രീക്വൻസികൾ നിർജീവമാക്കിയതായും രാജ്യം ഇനി പേജർ സേവനങ്ങളെ ഉപയോഗപ്പെടുത്തില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ലബനാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ വ്യാപകമായ പേജർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.
ഐ ഫോണുകൾ, ആൻഡ്രോയ്ഡുകൾ പോലുള്ള സ്മാർട്ട് ഉപകരണങ്ങളുടെ ഹാക്കിങ് ആശങ്കകളും ഉറവിടങ്ങൾ തള്ളിക്കളഞ്ഞു. സുരക്ഷാ ലംഘനങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്ത നൂതന എൻക്രിപ്ഷനാണ് ഈ ഉപകരണങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. പതിവ് സുരക്ഷ അപ്ഡേറ്റുകളിലൂടെ വലിയ തോതിലുള്ള ഹാക്കിങ് ശ്രമങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് പരിരക്ഷ ലഭിക്കും.
ആധുനിക സ്മാർട് ഫോണുകളുടെ ശക്തമായ സുരക്ഷ സവിശേഷതകൾ ഉപയോക്തൃ ഡാറ്റ സുരക്ഷിതമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഉപകരണങ്ങൾക്ക് ഓപറേറ്റിങ് സിസ്റ്റങ്ങളെയും ആപ്ലിക്കേഷനുകളെയും സ്വയമേ നിരീക്ഷിക്കാൻ കഴിയും.
ഇത് ഉപയോക്താക്കളെ പരിരക്ഷ വർധിപ്പിക്കാൻ അനുവദിക്കുന്നു. ആധുനിക സ്മാർട് ഉപകരണങ്ങൾ ഇത്തരം ഭീഷണികൾക്കെതിരെ ഉയർന്ന തലത്തിലുള്ള സുരക്ഷ നൽകുന്നു. എന്നാൽ, സ്മാർട് ഇതര ഉപകരണങ്ങൾ കൂടുതൽ ലംഘനങ്ങൾക്ക് ഇരയായേക്കാമെന്നും സൂചിപ്പിച്ചു.
ലബനാനിൽ ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകൾ കഴിഞ്ഞ ദിവസം വ്യാപകമായി പൊട്ടിത്തെറിച്ച് എട്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.