കുവൈത്ത് സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ട കുവൈത്തിലെ നഴ്സറികൾ ജൂണിൽ തുറന്നുപ്രവർത്തിക്കും. നഴ്സറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയത്തിലെ കോവിഡ് എമർജൻസി കമ്മിറ്റി ഏപ്രിലിൽ അറിയിച്ചിരുന്നു. മറ്റു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും കൂടിക്കാഴ്ച നടത്തി. പ്രവർത്തനം പുനരാരംഭിക്കുന്നതിനു മുമ്പായി ഓരോ നഴ്സറിയിലും അധ്യാപകരും മറ്റു ജീവനക്കാരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുെന്നന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നഴ്സറി ഉടമകൾക്കാണ്. ഇതു പരിശോധിക്കാൻ മന്ത്രാലയ ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. രക്ഷിതാക്കളും ഇത് ഉറപ്പുവരുത്തണം. ഒരു വർഷത്തിലേറെയായി നഴ്സറികൾ അടഞ്ഞുകിടക്കുകയാണ്. പ്രത്യേക പരിചരണം ലഭിക്കേണ്ട കുട്ടികൾക്ക് നഴ്സറികൾ തുറക്കാത്തതിനാൽ വിവിധ പ്രയാസങ്ങൾ നേരിടുന്നുണ്ട്.
പ്രത്യേകിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നഴ്സറികളാണ് വേഗത്തിൽ തുറക്കേണ്ടത്. പരിശീലനം സിദ്ധിച്ച അധ്യാപകരും തെറപ്പിസ്റ്റുകളും നൽകിയിരുന്ന പരിചരണം കിട്ടാതായതോടെ കുട്ടികളുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് മാതാപിതാക്കൾ. നേരത്തേ സ്വന്തമാക്കിയ പല കഴിവുകളും ഇൗ കുട്ടികൾക്ക് നഷ്ടമായി. മുടങ്ങിയ സ്പീച് തെറപ്പി ആദ്യം മുതൽ ആരംഭിക്കേണ്ട സ്ഥിതിയാണ്. സംസാര വൈകല്യം മുതൽ ഒാട്ടിസം വരെ പലവിധ അവസ്ഥയിലുള്ള ഭിന്നശേഷിക്കാരുണ്ട്.
പ്രത്യേക പരിശീലനവും ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളും ഇവരിൽ മിനിമം ശേഷി വളർത്തിയെടുക്കാൻ സഹായിക്കാറുണ്ട്. സ്വന്തം കാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷി സ്പെഷൽ സ്കൂളുകളിലും സ്പെഷൽ നഴ്സറികളിലും ലഭിക്കുന്ന പരിശീലനത്തിലൂടെയും പരിചരണത്തിലൂടെയും കൈവരും.
കോവിഡ് പ്രതിസന്ധി നീണ്ടപ്പോൾ വീട്ടിലിരിക്കാൻ നിർബന്ധിതരാവുകയും കഴിവുകൾ നഷ്ടമാവുകയുമായിരുന്നു. ഹൈപർ ആക്ടിവ് പോലെയുള്ള പ്രത്യേക സ്വഭാവങ്ങൾ ഇവർ കാണിക്കുന്നു. പലതരം ആക്ടിവിറ്റികളിലൂടെയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അത്യാവശ്യം വേണ്ട കഴിവുകൾ വളർത്തിയെടുക്കുന്നത്. മറ്റു കുട്ടികളുമായുള്ള സമ്പർക്കം ഇക്കാര്യത്തിൽ നിർണായകമാണ്. ഇക്കാരണം കൊണ്ടുതന്നെ സ്പെഷൽ സ്കൂളുകൾ കടുത്ത നിയന്ത്രണങ്ങളോടെ കഴിഞ്ഞ ഡിസംബറിൽ തുറന്നുനൽകി. എന്നാൽ, നഴ്സറികൾക്ക് തുറക്കാൻ അനുമതി നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.