കുവൈത്ത് സിറ്റി: ഇൗ മണ്ണിൽ അലിഞ്ഞുചേരാനാണ് ദത്താറാം ശിവാജിക്ക് വിധി. അല്ലെങ്കിൽ ഇ ന്നദ്ദേഹം മഹാരാഷ്ട്ര പൽഗാറിലെ വീട്ടിലുണ്ടാവുമായിരുന്നു. കോവിഡ് കാലത്തെ ജീവിതം പോലെ മരണങ്ങളും ഉള്ളുലക്കുന്നതും കണ്ണീരു വീഴ്ത്തുന്നതുമാണ്. വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് പോവാൻ വിമാന ടിക്കറ്റ് എടുത്തതായിരുന്നു ദത്താറാം ശിവാജി ഗുഗെ (46). കെട്ടിവെച്ച പെട്ടിയിൽ കുട്ടികൾക്കുള്ള മിഠായിപ്പൊതികൾ കാണണം. പുത്തനുടുപ്പുകളും അത്തർ കുപ്പിയും ഉണ്ടാവണം. പ്രിയപ്പെട്ട പിതാവ് വിത്താഭായ് ശിവാജിയും മാതാവ് ശിവാജി ദാമുജിയും പൊന്നുമോെൻറ വരവും കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായിരിക്കും. പ്രിയ പത്നി ജയശ്രീ, മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി വഴി നോക്കിയിരുന്നിട്ടുണ്ടാവണം. കുഞ്ഞുമക്കളോട് അച്ഛൻ വരുന്നുവെന്ന് പുന്നാരം പറയാറുണ്ടാവണം. ഒാർക്കാപ്പുറത്താണ് കാത്തിരിപ്പിനും കിനാവുകൾക്കും മേൽ കോവിഡ് കരിനിഴൽ വീഴ്ത്തിയത്.
വിമാന സർവിസുകൾ നിർത്തിയതോടെ ടിക്കറ്റ് പെട്ടിയിലിരുന്നു. കൺപാർത്തിരുന്നവരുടെ കണ്ണു നനഞ്ഞു. ഏപ്രിൽ പത്താം തീയതി കുവൈത്തിലെ വിസ കഴിഞ്ഞപ്പോഴും ദത്താറാം കരുതിയിട്ടുണ്ടാവില്ല, പിറ്റേന്ന് തന്നെ ജീവിതത്തിെൻറയും വിസ കഴിയുകയാണെന്ന്. മരണം വന്നുമാടിവിളിച്ചത് ഹൃദയാഘാതത്തിെൻറ രൂപത്തിൽ. മഹബൂലയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ലോക് ഡൗണിലുള്ള മഹബൂലയിലേക്ക് പുറത്തുനിന്ന് ഒരാളെയും കയറ്റിവിടുന്നുപോലുമില്ല. കുവൈത്തിൽ തന്നെയുള്ള മറ്റു ഭാഗങ്ങളിലെ പരിചയക്കാർക്കുപോലും ഒന്നുകാണാൻ നിവൃത്തിയില്ല. പിന്നയല്ലേ കടലിനക്കരെയുള്ള വീട്ടുകാർ. വിമാന സർവിസ് അടുത്തൊന്നും ആരംഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ ഇവിടെ തന്നെ അടക്കം ചെയ്യുകയാണ് മൃതദേഹം. അച്ഛൻ കളിപ്പാട്ടങ്ങളും കൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയിൽ ദത്താറാമിെൻറ മക്കൾ വളരും. കോവിഡ് ദുരിതകാലവും കടന്ന് പുതിയലോകം കെട്ടിപ്പടുക്കുന്നതിൽ അവരുടെയും സംഭാവനകളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.