കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) സി.ഇ.ഒ ശൈഖ് നവാഫ് സൗദ് നാസർ അസ്സബാഹ് പടിഞ്ഞാറൻ കുവൈത്തിലെ എണ്ണ ചോർച്ച അപകടസ്ഥലം പരിശോധിച്ചു. എണ്ണ ചോർച്ചയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ എല്ലാ ഔദ്യോഗിക പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ചോർച്ചയുടെ വിശദാംശങ്ങളും അപകടത്തിന്റെ ആദ്യ നിമിഷം മുതൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച് കുവൈത്ത് ഓയിൽ കമ്പനി സി.ഇ.ഒ അഹമ്മദ് അൽ ഐദൻ, ശൈഖ് നവാഫിന് വിശദീകരിച്ചതായി കെ.പി.സി അറിയിച്ചു.
അപകടം ഉൽപാദന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സി.ഇ.ഒയെയും പ്രതിനിധിസംഘത്തെയും കോർപറേഷൻ അറിയിച്ചു. നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിച്ച് ആവശ്യമായ എല്ലാ നടപടികളും ഉടനടി നടത്തി. വിഷവാതകങ്ങളൊന്നും രേഖപ്പെടുത്തുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടില്ല.
അതിനിടെ, നേരത്തേ എണ്ണ ചോർച്ചയുണ്ടായിരുന്ന കിണറ്റിൽ തീപിടിത്തമുണ്ടായതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ ഞായറാഴ്ച അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ പ്രശ്നം കൈകാര്യം ചെയ്തതായും ആളപായമില്ലെന്നും കെ.പി.സി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് തെക്കുപടിഞ്ഞാറന്‍ എണ്ണപ്പാടത്ത് ചോർച്ചയുണ്ടായത്.
ഭൂമിയിൽ സ്ഥാപിച്ച പൈപ്പിൽനിന്ന് എണ്ണ ശക്തിയിൽ മുകളിലേക്ക് ഉയരുകയായിരുന്നു. പുറത്തേക്കൊഴുകിയ എണ്ണ ചുറ്റും വ്യാപിക്കുകയും കെട്ടിക്കിടക്കുകയും ചെയ്തു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട അധികൃതർ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
മുൻകരുതലിന്റെ ഭാഗമായി കുവൈത്ത് ഓയിൽ കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. സംഭവത്തിൽ ആളപായങ്ങളോ പരിക്കോ സംഭവിച്ചിട്ടില്ലെന്നു കുവൈത്ത് ഓയിൽ കമ്പനി അറിയിച്ചിരുന്നു. അപകടംമൂലം പൊതുജനാരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ ഒരു പ്രത്യാഘാതവും രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.