കുവൈത്ത് സിറ്റി: ക്രൗഡ്സ്ട്രൈക് അപ്ഡേറ്റ് സിസ്റ്റത്തിലെ തകരാറുകൾ മൂലമുണ്ടാകുന്ന സൈബർ ആക്രമണങ്ങളും ഭീഷണികളും നിരീക്ഷിക്കാനും നേരിടാനും കുവൈത്ത് ഓപറേഷൻ റൂമും ഹോട്ട്ലൈനും സ്ഥാപിച്ചു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് അടിയന്തര സംഘത്തെ രൂപീകരിക്കാനുള്ള നടപടിയെന്ന് വാണിജ്യ, വ്യവസായ മന്ത്രിയും കമ്യൂണിക്കേഷൻ കാര്യ സഹമന്ത്രിയുമായ ഒമർ അൽ ഒമർ അറിയിച്ചു.
രണ്ട് കമ്പനികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് പുറമെ ക്രൗഡ്സ്ട്രൈക്ക്, മൈക്രോസോഫ്റ്റ് സേവനങ്ങൾ ഉപയോഗിക്കുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും എമർജൻസി ടീം ലിസ്റ്റ് ചെയ്തതായും അൽ ഒമർ പറഞ്ഞു. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ ക്രൗഡ്സ്ട്രൈക് പ്രശ്നവുമായി ബന്ധപ്പെട്ട സാഹചര്യം നിരീക്ഷിക്കാനും ആക്രമണങ്ങൾ തടയാനും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്.
കുവൈത്ത് സിറ്റി: മൈക്രോസോഫ്റ്റ് സേവനങ്ങളിൽ നേരിടുന്ന ആഗോള പ്രശ്നത്തിൽ
രാജ്യത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വാണിജ്യ, വ്യവസായ മന്ത്രിയും കമ്യൂണിക്കേഷൻ കാര്യ സഹമന്ത്രിയുമായ ഒമർ അൽ ഒമർ അറിയിച്ചു. സർക്കാറുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളും സേവനങ്ങളും പ്രവർത്തനക്ഷമമാണെന്നും ചൂണ്ടിക്കാട്ടി.
യു.എസ് ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി കമ്പനിയുടെ ഔദ്യോഗിക വിവരണമനുസരിച്ച്, അപ്ഡേറ്റ് സിസ്റ്റം തകരാറാണ് പ്രധാന തകരാറിന് കാരണമായതെന്നും സൈബർ ആക്രമണമല്ലെന്നും മന്ത്രി വ്യക്തമാക്കി.
വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങളെയും മാധ്യമങ്ങളെയും മാത്രം ആശ്രയിക്കാനും കിംവദന്തികളും തെറ്റായ വിവരങ്ങളും ഒഴിവാക്കാനും മന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.