കുവൈത്ത് സിറ്റി: വ്യക്തിഗത ഉടമസ്ഥതയിലുള്ള രാജ്യത്തെ 130 മണി എക്സ്ചേഞ്ചുകളുടെ ലൈസൻസുകൾ റദ്ദാക്കാൻ ഒരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെയും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നടപടി.
നേരത്തെ ചില സ്ഥാപനങ്ങളില്‍ അനുവദനീയമായ പരിധിക്കപ്പുറമുള്ള പണ ഇടപാടുകള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി റെഗുലേറ്ററി മേൽനോട്ടത്തിൽ വ്യക്തിഗത സ്ഥാപനങ്ങളെ ലൈസൻസുള്ള കമ്പനികളാക്കി മാറ്റുന്നതിനുള്ള ഓപ്ഷനുകളും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. കുവൈത്ത് സെൻട്രൽ ബാങ്ക്, ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പണം കൈമാറ്റ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നല്കല് തുടങ്ങിയവക്കെതിരെ ശക്തമായ നടപടിയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം സ്വീകരിച്ചു വരുന്നത്.
ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘത്തെയും നിയമിച്ചിട്ടുണ്ട്. സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നേരത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.