കുവൈത്ത് സിറ്റി: അത്തം മുതൽ ക്രിസ്മസ് വരെ പ്രവാസികൾക്ക് ഓണാഘോഷക്കാലമാണ് എന്നാണ് പറയാറ്. ഓണദിനം കഴിഞ്ഞാലും കുവൈത്ത് മലയാളികളുടെ ആഘോഷങ്ങൾ നിലക്കാറില്ല. എല്ലാ മലയാളി സംഘടനകളും കൂട്ടായ്മകളും ആഘോഷപരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
വെള്ളി, ശനി ദിനങ്ങൾ കുവൈത്തിലെ പ്രധാന സ്കൂളുകളും ഓഡിറ്റോറിയങ്ങളും മലയാളികളുടെ സംഗമവേദിയായി മാറുന്നത് ഓണക്കാല കാഴ്ചയാണ്. കേരളീയകലകളും സദ്യയും മുണ്ടും സെറ്റുസാരിയും കുപ്പിവളകളും മാലയും കമ്മലുമൊക്കെ അണിഞ്ഞ് എല്ലാവരും ആഘോഷങ്ങളിൽ പങ്കാളികളാകും.
ആഘോഷത്തിന് മാറ്റുകൂട്ടാൻ പുലികളും വേട്ടക്കാരനും ചെണ്ടമേളവും മാവേലിയും എല്ലാമെത്തും. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരപരിപാടികളും നടക്കും. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നാട്ടിൽനിന്ന് കലാകാരൻമാരും എത്തും.
എന്നാൽ, ഇത്തവണ പതിവെല്ലാം തെറ്റി. രാജ്യത്ത് ആഘോഷങ്ങൾക്ക് അനുമതി നിർബന്ധമാക്കുകയും അധികൃതർ നിബന്ധനകൾ കർശനമാക്കുകയും ചെയ്തതോടെ പല സംഘടനകളും ആഘോഷങ്ങൾ റദ്ദാക്കുകയോ നീട്ടീവെക്കുകയോ ചെയ്തിരിക്കുകയാണ്.
അനുമതി എടുക്കാതെയുള്ള ആഘോഷ പരിപാടികൾക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. അടുത്തിടെ ശ്രീലങ്കൻ സംഘടന പ്രതിനിധികളെയും പരിപാടിക്കെത്തിയവരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ പൂർണ അനുമതി ലഭ്യമായതിന് ശേഷമാണ് ഭൂരിപക്ഷം സംഘടനകളും പരിപാടികൾ പ്രഖ്യാപിക്കുന്നത്.
സ്കൂളിന്റെ പൂർണ പിന്തുണയും ഇതിന് അനിവാര്യമാണ്. അനുമതി ഇല്ലാതെ പരിപാടികൾ നടത്തിയാൽ തങ്ങളും പ്രതിക്കൂട്ടിലാകുമെന്നതിനാൽ സ്കൂളുകളും ശ്രദ്ധിച്ചാണ് വിഷയം കൈകാര്യം ചെയ്യുന്നത്. അനുമതി നേടി പരിപാടികൾ നടത്തുമ്പോൾ കൃത്യമായ സുരക്ഷാ ചട്ടങ്ങളും പരിപാടി നടക്കുന്ന ഹാളിൽ ക്രമീകരിക്കണം.
തീപിടിത്ത പ്രതിരോധം കർശനമാക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളിലെ ബേസ്മെന്റിലും മറ്റും പ്രവർത്തിച്ചിരുന്ന ഹാളുകൾ പൂർണമായി നീക്കം ചെയ്തതിനാൽ ചെറിയ സംഘടനകളും ആഘോഷപരിപാടികൾക്ക് വേദി കണ്ടത്താനാകാതെ പ്രയാസത്തിലാണ്. അതിനിടെ, കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് പ്രധാന സംഘടന വെള്ളിയാഴ്ച നടത്താനിരുന്ന പരിപാടിയും അനുമതി ലഭ്യമല്ലാത്തതിനാൽ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.