കുവൈത്ത് സിറ്റി: ഫലസ്തീനിലെ നിയമവിരുദ്ധമായ ആക്രമണങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ വ്യക്തമാക്കുന്ന യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വോൾക്കർ തുർക്കിന്റെ റിപ്പോർട്ടിനെ ജനീവ യു.എൻ ഓഫിസിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി നാസർ അബ്ദുല്ല അൽ ഹെയ്ൻ സ്വാഗതം ചെയ്തു. ഫലസ്തീനിലെ മനുഷ്യാവകാശത്തെക്കുറിച്ചുള്ള യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ 52ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത അൽ ഹെയ്ൻ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന നഗ്നമായ ലംഘനങ്ങളെ അപലപിച്ചു.
കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ, അന്താരാഷ്ട്ര നിയമം പാലിക്കുന്നത് ഉറപ്പാക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. ഫലസ്തീനിനെതിരായ അക്രമത്തിന്റെയും ശത്രുതയുടെയും വർധനവും മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ട് വ്യക്തമാക്കുന്നതായി അൽ ഹെയ്ൻ ചൂണ്ടിക്കാട്ടി. നിരായുധരായ ഫലസ്തീൻ പൗരന്മാർക്കെതിരെ ഇസ്രായേൽ സുരക്ഷസേനയും കുടിയേറ്റക്കാരും ആയുധം പ്രയോഗിക്കുന്നത് അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു.
സിവിലിയന്മാർക്കെതിരെ ആക്രമണം തുടരുന്നത് യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും കൂട്ടിച്ചേർത്തു. തൽസ്ഥിതി തുടരുന്നതിൽ കുവൈത്ത് ഭരണകൂടവും അന്താരാഷ്ട്ര സമൂഹവും അഗാധമായ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്ന അഭിലാഷങ്ങളിൽ എത്തുന്നതിനും ഫലസ്തീന് കുവൈത്തിന്റെ പിന്തുണ അൽ ഹെയ്ൻ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.