കുവൈത്ത് സിറ്റി: പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മൂന്ന് കുവൈത്ത് അത് ലറ്റുകൾ പങ്കെടുക്കും. ഫൈസൽ അൽ റാജിഹി, ഫൈസൽ സുറൂർ, ധാരി അൽ ബൂത്വി എന്നിവരാണ് കുവൈത്തിനായി മത്സരിക്കുക. റാജിഹി വീൽചെയർ റേസിങ്ങിലും ബൂത്വിയും അൽസർഹീദും ഷോട്ട്പുട്ടിലും മത്സരിക്കുമെന്ന് കുവൈത്ത് പാരാലിമ്പിക് കമ്മിറ്റി മേധാവി മൻസൂർ അൽ സർഹീദ് അറിയിച്ചു.
അന്താരാഷ്ട്ര, പ്രാദേശിക ചാമ്പ്യൻഷിപ്പുകളിലെ മികച്ച പ്രകടനത്തിലൂടെ ഗെയിംസിന് യോഗ്യത നേടിയ അത്ലറ്റുകൾക്ക് വേണ്ട പരിശീലനം നൽകിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മത്സരത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും കുവൈത്തിന്റെ പതാക ഉയർത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫൈസൽ സുറൂറും ധാരി അൽ ബൂത്വിയും നിലവിൽ തുർക്കിയയിൽ കോച്ച് അഹമ്മദ് ഹർബിയുടെ കീഴിൽ തീവ്രപരിശീലനം നടത്തി വരികയാണ്. ഫൈസൽ അൽ റാജിഹി ഷാർജയിൽ നിസാർ റമദാന്റെ കീഴിൽ പരിശീലനം നടത്തുകയാണ്.
മികച്ച പരിശീലന ക്യാമ്പുകൾ ഒരുക്കിയതിന് കുവൈത്ത് അധികൃതർക്ക് നന്ദി അറിയിച്ച ഫൈസൽ സുറൂർ വിജയത്തിലേറാനുള്ള തന്റെയും സഹതാരങ്ങളുടെയും സന്നദ്ധത വ്യക്തമാക്കി. 2020 ടോക്യോ പാരാലിമ്പിക് ഗെയിംസിൽ വെങ്കല മെഡൽ നേടിയ സുറൂർ പാരിസിൽ രാജ്യത്തിനായി മറ്റൊരു മെഡൽ നേടാനുള്ള തയാറെടുപ്പിലാണ്.
ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെയാണ് പാരാലിമ്പിക്സ്. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി സംഘടിപ്പിക്കുന്ന പാരാലിമ്പിക് ഗെയിംസിൽ 23 വ്യത്യസ്ത കായിക മത്സരങ്ങൾ നടക്കും. പേശികളുടെ ബലഹീനത, കൈകാലുകളുടെ കുറവ്, പക്ഷാഘാതം, കാലിന്റെ നീള വ്യത്യാസം, ഉയരക്കുറവ്, കാഴ്ച വൈകല്യം എന്നിവ ഉൾപ്പെടെയുള്ള ശാരീരിക വൈകല്യങ്ങളുള്ള കായികതാരങ്ങളാണ് പങ്കെടുക്കുക.
1980ൽ ആദ്യമായി പാരാലിമ്പിക്സിൽ പങ്കെടുത്ത കുവൈത്ത് ഇതുവരെ 12 സ്വർണവും 18 വെള്ളിയും ഉൾപ്പെടെ 52 മെഡലുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.