കുവൈത്ത് സിറ്റി: അക്ഷരങ്ങളുടെ ആഘോഷമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് കുവൈത്തിൽ നിന്നുള്ള രണ്ട് മലയാളി വിദ്യാർഥികളും. സഹോദരങ്ങളായ റീമ ജാഫർ, റീയ ജാഫർ എന്നിവർ തങ്ങളുടെ പുതിയ പുസ്തകങ്ങളുമായി മേളയിലുണ്ടാകും.
പതിനാലുകാരിയായ റീമ ജാഫർ തന്റെ കാവ്യ സമാഹാരമായ ‘ബ്ലൂമിങ് ഓഫ് ലൈഫ്’ മേളയിൽ പരിചയപ്പെടുത്തും. സഹോദരി 11കാരി റീയ ജാഫർ ‘ദി ഏജ് ഓഫ് വണ്ടേഴ്സ്’ എന്ന കാവ്യ സമാഹാരവും അവതരിപ്പിക്കും. പ്രശസ്ത കവി കെ. സച്ചിദാനന്ദന്റെ നിരൂപണം ഉൾപ്പെടെ രണ്ട് പുസ്തകങ്ങളും എഴുത്തുകാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
ഒൻപതാം വയസ്സുമുതൽ റീമ കവിതകളും ലേഖനങ്ങളും എഴുതുന്നുണ്ട്. പ്രകൃതി സൗന്ദര്യം, ജീവിതത്തിന്റെ മൂല്യം, ദയയുടെ പ്രാധാന്യം എന്നിവ ഇവയിൽ ഉൾക്കൊള്ളുന്നു. റീമയെ സംബന്ധിച്ചിടത്തോളം കവിത ഒരു അതുല്യമായ മാന്ത്രിക സന്ദേശവും ജീവിതത്തെക്കുറിച്ചും അവർക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ വായനക്കാരെ ക്ഷണിക്കുന്ന ഒരു രഹസ്യ കോഡുമാണ്.
എഴുത്തുകാരിയും വായനക്കാരിയുമായ റീയ കുട്ടിക്കാലത്തെ ആനന്ദങ്ങളെക്കുറിച്ചും പ്രകൃതിയെയും സാർവത്രിക വെല്ലുവിളികളെക്കുറിച്ചും കവിതകളിലൂടെ പറയുന്നു. പഠനത്തിനൊപ്പം മറ്റു വിവിധ മേഖലകളിലും കഴിവുതെളിയിച്ച ഇരുവരും അമ്മാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വിദ്യാർഥികളാണ്.
കുവൈത്ത് നാഷനൽ ടി.വിയിൽ ഈ സഹോദരിമാർ വിവിധതരം പുസ്തകങ്ങൾ കൊച്ചുകുട്ടികൾക്ക് പരിചയപ്പെടുത്തുന്നുമുണ്ട്. ഈ പ്രോഗ്രാം 80 ലധികം എപ്പിസോഡുകൾ ഇതിനകം പിന്നിട്ടു. നവംബർ ആറു മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിലാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. 112 രാജ്യങ്ങളിൽ നിന്നുള്ള 2,520 പ്രസാധകരും 400 എഴുത്തുകാരും മേളയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.