പാർലമെന്റ് തെരഞ്ഞെടുപ്പ്: ഏഴു സ്ഥാനാർഥികളുടെ അയോഗ്യത കോടതി ശരിവെച്ചു

കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഏഴ് സ്ഥാനാർഥികളെ അയോഗ്യരാക്കിയ ആഭ്യന്തരമന്ത്രാലയ കമീഷന്റെ തീരുമാനം അഡ്മിനിസ്ട്രേറ്റിവ് കോടതി ശരിവെച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, അഡ്മിനിസ്ട്രേറ്റിവ് കോടതിയുടെ തീരുമാനം സ്ഥാനാർഥികളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതോടെ പലരും അപ്പീൽ കോടതിയെ സമീപിച്ചു.

വിഷയത്തിൽ ഉടൻ അന്തിമ തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നു. തടയപ്പെട്ട സ്ഥാനാർഥികളിൽ മുൻ എം.പിമാരായ അബ്ദുള്ള അൽ ബർഗാഷ്, ഖാലിദ് അൽ മുതൈരി, മുഹമ്മദ് ഗോഹെൽ എന്നിവർ ഉൾപ്പെടുന്നു.

സൈദ് അൽ ഒതൈബി, മൊസാദ് അൽ ഖരീഫ, ഹാനി ഹുസൈൻ, അൻവർ അൽ ഫിഖ്ർ എന്നിവരും അയോഗ്യരാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. വിവിധ കൃത്യങ്ങളിൽ ഏർപ്പെട്ടതിനാൽ മുൻ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയത്.

അതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണരംഗം ഞായറാഴ്ചയോടെ കൂടുതൽ ചൂടുപിടിച്ചു. അടിസ്ഥാനപരമായ പരിഷ്കാരങ്ങളും മാറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥികൾ വോട്ടർമാരെ സമീപിക്കുന്നത്. രാജ്യം ഒരു വഴിത്തിരിവിൽ നിൽക്കുന്നതിനാൽ നിലവിലെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഭൂരിഭാഗവും ഉയർത്തിക്കാട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമാണെന്ന് പ്രമുഖ പ്രതിപക്ഷ നേതാവും മൂന്നുതവണ നിയമസഭ സ്പീക്കറുമായ അഹ്മദ് അൽ സദൂൻ ചൂണ്ടിക്കാട്ടി.

അതേസമയം, അടിസ്ഥാന രാഷ്ട്രീയ പരിഷ്‌കാരങ്ങൾ രാജ്യത്ത് വേണമെന്ന് പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് അതേ അൽ മാനെ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളെ അംഗീകരിക്കൽ, സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാപിക്കൽ, തെരഞ്ഞെടുപ്പ് സമ്പ്രദായം മാറ്റൽ എന്നിവ ഇതിൽ ഉൾപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ താൽപര്യം.

അതിനിടെ, വോട്ട് വാങ്ങിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത ആഭ്യന്തരമന്ത്രാലയം നടപടിയെ സ്ഥാനാർഥികൾ സ്വാഗതം ചെയ്തു. നടപടിയെ നാലാം മണ്ഡലത്തിലെ സ്ഥാനാർത്ഥി തമർ അൽ അബ്ദാലി അഭിനന്ദിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അദ്ദേഹം അധികാരികളോട് അഭ്യർഥിച്ചു. നീതിപൂർവകമായ തെരഞ്ഞെടുപ്പിന് ഭീഷണിയാണ് വോട്ട് വാങ്ങൽ എന്ന് മുൻ എം.പി അഹ്മദ് അൽ അസ്മി പറഞ്ഞു. നിയമവിരുദ്ധമായ ഇത്തരം നടപടി മുൻകാലങ്ങളിൽ നിരവധി അഴിമതിക്കാരെ സീറ്റ് നേടാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് കച്ചവടത്തിൽ ഏർപ്പെട്ട ഏഴുപേരെയാണ് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തത്.

20,000 ദീനാറും വോട്ടർമാരുടെ ലിസ്റ്റും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുർബലപ്പെടുത്തുന്ന ഇത്തരം നടപടികളിൽ ഏർപ്പെടുന്നവർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സഹായം ഉറപ്പാക്കി കെ.ആർ.സി.എസ്

കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) വളന്റിയർമാർ രംഗത്തുണ്ടാകും.

ഇരുന്നൂറോളം പേരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് കെ.ആർ.സി.എസ് അറിയിച്ചു. വോട്ടർമാരെ സഹായിക്കൽ, വോട്ടെടുപ്പ് പ്രക്രിയക്ക് ഗുണകരമാകുന്ന മറ്റു പ്രവർത്തനങ്ങൾ ചെയ്യൽ, മാനുഷികവും യാന്ത്രികവുമായ സഹായങ്ങൾ എന്നിവ കെ.ആർ.സി.എസ് നൽകുമെന്ന് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസ്‍വി പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ് ഈ പങ്കാളിത്തം. പോളിങ് സ്റ്റേഷനിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വളന്റിയർമാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011ൽ അഞ്ചാം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 60 വളന്റിയർമാർ പങ്കാളികളായിരുന്നു.

Tags:    
News Summary - Parliament Elections: Court upheld disqualification of seven candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.