കുവൈത്ത് സിറ്റി: ഫോൺ വിളിച്ചും സന്ദേശം അയച്ചും പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാൻ വീണ്ടും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്.
രാജ്യത്ത് പലരൂപത്തിൽ ഫോൺ വഴിയുള്ള തട്ടിപ്പ് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ട് ആക്സസ് ചെയ്യുന്നതിന്, ഔദ്യോഗിക കക്ഷികളെന്ന് അവകാശപ്പെടുന്ന വ്യാജ ഫോൺകാളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി. സ്വകാര്യ വിവരങ്ങളോ ബാങ്ക് ഒ.ടി.പിയോ ആരുമായും പങ്കുവെക്കരുതെന്നും അറിയിച്ചു.
വിശ്വസനീയമായ രീതിയിലായിരിക്കും തട്ടിപ്പുകാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുക. ഒദ്യോഗിക സ്വഭാവത്തിലെന്ന രീതിയില്‍ വരുന്ന ഇത്തരം ഫോണ്‍കാളുകളുടെ ആധികാരികത പരിശോധിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. തട്ടിപ്പിന് ഇരയായാല്‍ ബാങ്കിലും പൊലീസിലും ഉടന്‍ വിവരമറിയിക്കണം. വ്യാജ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിർമിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് അടുത്തിടെ ഫോൺ വഴിയുള്ള തട്ടിപ്പ് വർധിച്ചിരുന്നു. പൊലീസ് വേഷത്തിൽ വാട്സ്ആപ് കാൾ ചെയ്ത് പിഴ അടക്കാൻ ആവശ്യപ്പെട്ടതിൽ നിരവധി പേരാണ് വഞ്ചിതരായത്. ഗതാഗത നിയമലംഘനത്തിന് പിഴ അടക്കാൻ ആവശ്യപ്പെട്ട സന്ദേശങ്ങളിലും നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു. ഔദ്യോഗിക വെബ്സൈറ്റിന് സമാനരൂപത്തിലുള്ളവ നിർമിച്ചും പണം തട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.