കുവൈത്ത് സിറ്റി: ബീച്ചുകളിൽ മലിന വസ്തുക്കളും ഭക്ഷ്യാവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നതിനെതിരെ പരിസ്ഥിതി പബ്ലിക് അതോറിറ്റി പരിശോധന നടത്തി. ഏതാനും പേർക്ക് പിഴ ചുമത്തി. മലിനജലം കടലിലേക്ക് ഒഴുക്കുന്നത് ഉൾപ്പെടെ പരിസ്ഥിതി നിയമലംഘനങ്ങൾക്ക് 250 മുതൽ 5000 ദിനാർ വരെ പിഴ ഇൗടാക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി മീഡിയ ആൻഡ് പബ്ലിക് റിലേഷൻ മേധാവി ശൈഖ് അൽ ഇബ്രാഹിം മുന്നറിയിപ്പ് നൽകി. പെരുന്നാൾ അവധിക്കാലത്ത് ബീച്ചുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇൗ സമയത്ത് ഉപേക്ഷിക്കപ്പെട്ട ഭക്ഷ്യ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പലയിടത്തും കുമിഞ്ഞുകൂടിക്കിടക്കുന്നു.
സമുദ്ര ആവാസ വ്യവസ്ഥയുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് നിരന്തര പരിശോധനകളും കടലിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ബീച്ചുകളിലെയും മറ്റും പൊതു ഉപയോഗ വസ്തുക്കൾ നശിപ്പിക്കുന്ന പ്രവണതയുമുണ്ട്. ഒേട്ടറെ സ്ഥലങ്ങളിൽ വിളക്കുകാലുകളും ദിശാസൂചികകളും നശിപ്പിക്കപ്പെട്ട നിലയിൽ. പൊതു ഇടങ്ങളിലെ ശൗചാലയങ്ങൾ വൃത്തികേടാക്കുകയും ചുമരിൽ വരച്ചിടുകയും ചെയ്യുന്നുണ്ട്.
ഒരു കാര്യവുമില്ലാതെ പൈപ്പുകൾ പൊട്ടിച്ചിടുന്നത് ഉൾപ്പെടെ അക്രമ പ്രവർത്തനങ്ങളെ അധികൃതർ ഗൗരവമായി കാണുന്നു. ഇത് തടയാൻ ബീച്ചുകളിലും മറ്റും നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.