കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകാനായി പ്രത്യേക സംഘം നിലവിൽ വരുന്നതായി മന്ത്രിമാരുടെ കൗൺസിലുകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയും ജനസംഖ്യ ഘടനയും പരിഹരിക്കുന്നതിനായി പ്രത്യേക സാങ്കേതിക സംഘം രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രിമാരുടെ കൗൺസിൽ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടതായാണ് വിവരം. സിവിൽ സർവിസ് കമീഷൻ, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയോടാണ് മന്ത്രിമാരുടെ കൗൺസിൽ അഭിപ്രായമാരാഞ്ഞിട്ടുള്ളത്. അധിക വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനസംഖ്യ ഘടനയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ശിപാർശകളും പ്രായോഗിക നടപടികളും മുന്നോട്ടുവെക്കാനാണ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുന്നത്.
ജനസംഖ്യ സന്തുലിതാവസ്ഥ നടപ്പാക്കുന്നതിൽ പുതിയ സർക്കാർ ശ്രദ്ധപുലർത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
രാജ്യത്തെ അഞ്ച് ദശലക്ഷത്തിനടുത്തുള്ള ജനസംഖ്യയിൽ 1.5 ദശലക്ഷം ആളുകൾ മാത്രമേ പൗരന്മാരായുള്ളൂവെന്നും ഇത് പരിഹരിക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രവാസികളുടെ എണ്ണം നിലവിലെ 70 ശതമാനത്തിൽനിന്ന് 30 ശതമാനമായി കുറക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കപ്പെടണമെന്ന ആവശ്യവുമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.