കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം ശനിയാഴ്ച. ശനിയാഴ്ച ഉച്ചയോടെ കുവൈത്തിലെത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ചയാകും തിരിച്ചുപോകുക. ഇതിനിടയിൽ കുവൈത്ത് അമീർ ഉൾപ്പെടെയുള്ള ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. നീണ്ട 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇത് ഇന്ത്യ-കുവൈത്ത് ബന്ധത്തിൽ കൂടുതൽ ഗുണകരമായ വികാസം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഉഭയകക്ഷി കരാറുകൾക്കും നിക്ഷേപ സാധ്യതകൾക്കും നരേന്ദ്ര മോദിയുടെ സന്ദർശനം ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളെയും നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കാത്തിരിക്കുകയാണ്. പ്രവാസി ക്ഷേമം, വിവിധ മേഖലയിൽ ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ്, മറ്റു പ്രശ്നങ്ങൾ എന്നിവ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. ഏകദേശം 10 ലക്ഷം ഇന്ത്യക്കാർ കുവൈത്തിലുണ്ട്. ഇത് കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനവും മൊത്തം തൊഴിൽ ശക്തിയുടെ 30 ശതമാനവുമാണ്.
ഇന്ത്യ കുവൈത്ത് വ്യാപാര മേഖലയും ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകളും കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തുന്നതും സന്ദർശനത്തിൽ ചർച്ച ആകുമെന്നാണ് പ്രതീക്ഷ. നിലവിൽ കുവൈത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ, എൽ.പി.ജി എന്നിവയുടെ പ്രധാന വിതരണക്കാരുമാണ് കുവൈത്ത്.
ഇന്ത്യൻ ഭരണനേതൃത്വത്തിന്റെ കുവൈത്ത് സന്ദർശനം അടുത്തിടെ ഉണ്ടായില്ലെങ്കിലും പലരൂപത്തിലുള്ള കൂടിക്കാഴ്ചകൾ ഇതിനിടെ നടന്നിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിനിടെ പ്രധാനമന്ത്രി മോദി കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ വർഷം ആഗസ്റ്റ് 18ന് കുവൈത്തിൽ എത്തിയിരുന്നു. കുവൈത്ത് കിരീടാവകാശി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരെ അദ്ദേഹം കാണുകയുണ്ടായി. 2024 ജൂണിൽ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 46 ഇന്ത്യൻ തൊഴിലാളികൾ മരിക്കാനിടയായതിനെത്തുടർന്ന് വിദേശകാര്യ മന്ത്രി സഹമന്ത്രി കീർത്തി വർധൻ സിങ്ങും കുവൈത്ത് സന്ദർശിച്ചിരുന്നു.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിക്കുകയും വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സഹകരണത്തിനുള്ള സംയുക്ത കമീഷൻ സ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇവയുടെ തുടർച്ച എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ മറ്റൊരു അധ്യായവും എഴുതിചേർക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.