റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ അൽമുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം കിരീടവുമായി

റാഗ്‌നോസ് ക്രിക്കറ്റ് കപ്പ്: ടീം അൽമുല്ല എക്സ്ചേഞ്ച് ജേതാക്കൾ

കുവൈത്ത് : റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റ് ആറാമത് സീസൺ സമാപിച്ചു. ഈ വർഷം ഫെബ്രുവരി മുതൽ തുടങ്ങിയ ലീഗ് മത്സരങ്ങളിൽ കുവൈത്തിലെ പ്രമുഖ 48 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ അൽമുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം ജേതാക്കളായി. ടോസ് നേടിയ എഫ്.സി.സി കുവൈത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത അൽമുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം 16 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 212 എന്ന കൂറ്റൻ സ്കോർ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എഫ്.സി.സി കുവൈത്ത് 15.2 ഓവറിൽ 152 റൺസിൽ മുഴുവൻ വിക്കറ്റുകളും നഷ്ടമായതോടെ അൽമുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം വിജയ കിരീടം ചൂടി. 12 ബോളിൽ 50 റൺസ് നേടി റെക്കോഡ് നേട്ടം കൈവരിച്ച അൽമുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം താരം നവീൻ രാജിനെ ഫൈനൽ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. 64 റൺസ് എടുത്ത് മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഉണ്ണി മോഹന്റെ മികച്ച ഇന്നിംഗ്സും കൂടി ചേർന്നപ്പോൾ തിങ്ങി നിറഞ്ഞ കാണികൾക്ക് ഫൈനൽ ആവേശമായി മാറി. സമ്മാനവിതരണ ചടങ്ങിൽ ചാമ്പ്യന്മാർക്കുള്ള കാഷ് പ്രൈസും ട്രോഫിയും അൽമുല്ല എക്സ്ചേഞ്ച്മാനേജർ രാജേഷ് പ്രജേഷ് പട്ടിദാർ എന്നിവരിൽ നിന്നും ഇരു ക്യാപ്റ്റന്മാരും ഏറ്റുവാങ്ങി.

ടൂർണമെന്റിലെ മികച്ച പത്ത് ബാറ്റർമാർക്കും ബൗളേഴ്സിനുമുള്ള അവാർഡുകൾ, പ്ലയർ റാങ്കിങ് അവാർഡ്, മികച്ച ഫീൽഡർ, കൂടുതൽ സിക്സറുകൾ ഫോറുകൾ , ഫൈനൽ മാൻ ഓഫ് ദി മാച്ച്, എന്നീ സമ്മാനങ്ങൾ, മികച്ച ഐകോണിക്, ബാറ്റർ, ബൗളർ, സെഞ്ച്വറി അർധ സെഞ്ച്വറി എന്നീ അവാർഡുകൾ യഥാക്രമം അജയ് കുമാർ, സ്മിത്ത് ഉണ്ണി കൃഷ്ണൻ, ജിജോ, പ്രവീൺ, നിതീഷ്, മുഈസ്, സീതി, ജിഫിൻ, ഷഫീഖ്, മനു എന്നിവർക്ക് നൽകി. റാഗ്‌നോസ് മാനേജർ മൻസൂർ അലി , രക്ഷാധികാരി ജോസ് , ചെയർമാൻ പി.സി. മുനീർ എന്നിവർ പ്രസിഡന്റ് ഷഫീർ തേളപ്പുറത്തിന്റെ അസാന്നിധ്യത്തിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Ragnos Cricket Cup: Team Almulla Exchange Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.