കുവൈത്തിൽ മഴ ഇന്നും തുടരും; തണുപ്പു കൂടും

കുവൈത്ത് സിറ്റി: തിങ്കളാഴ്ച രാജ്യത്ത് വ്യാപകമായി പെയ്ത മഴ ചൊവ്വാഴ്ചയും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. ചൊവ്വാഴ്ച താപനില ഇനിയും കുറയുന്നതോടെ തണുപ്പു കൂടും. തിങ്കളാഴ്ച രാവിലെ മുതൽ തുടങ്ങിയ മഴ രാത്രിയും പലയിടങ്ങളിലും തുടർന്നു. മഴ മൂലമുണ്ടായ വെള്ളക്കെട്ട് ചിലയിടങ്ങളില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചു. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പല അണ്ടര്‍ പാസ് വേകളും അടച്ചു. അതിര്‍ത്തി പ്രദേശമായ സാല്‍മിയയില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.

അധികൃതരുടെ കൃത്യമായ ഇടപെടൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, എൻജിനീയർ മായ് അൽ മസാദ്, മഴക്കെടുതിയെ നേരിടാനുള്ള തയാറടുപ്പുകൾ പരിശോധിക്കുന്നതിനായി വിവിധ ഗവർണറേറ്റുകളിലെ സൈറ്റുകൾ പരിശോധിച്ചു. എല്ലാ ഗവർണറേറ്റുകളിലും എമർജൻസി സംഘത്തെ വിന്യസിച്ചിട്ടുണ്ട്. റോഡുകളിൽ വെള്ളം അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉടൻ ഇടപെടുമെന്നും മായ് അൽ മസാദ് പറഞ്ഞു. മാൻഹോളുകളിലെ തടസ്സങ്ങൾ നീക്കാനും വെള്ളം ഒഴിവാക്കാനും പമ്പുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പരായ150ൽ വിളിച്ച് 24 മണിക്കൂറും പ്രശ്നങ്ങൾ അറിയിക്കാം. സോഷ്യൽ മീഡിയ വഴിയും പരാതികൾ സ്വീകരിക്കുന്നുണ്ടെന്നും അറിയിച്ചു. മഴയുടെ സാഹചര്യങ്ങൾ നേരിടാൻ എമർജൻസി ടീമുകൾ സജ്ജമാണെന്ന് തൊഴിൽ മന്ത്രാലയവും വ്യക്തമാക്കി. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നല്ലാത്ത കാലാവസ്ഥ പ്രവചനങ്ങൾ തള്ളിക്കളയണമെന്നും സൂചിപ്പിച്ചു.

അതേസമയം, എല്ലാ പ്രദേശങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാത്രി സമയങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ തണുപ്പുണ്ടാകും. പുറത്തിറങ്ങുന്നവരും വാഹനം ഓടിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കാം. 

Tags:    
News Summary - Rain will continue in Kuwait today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.