കുവൈത്ത് സിറ്റി: രാജ്യത്ത് ഞായറാഴ്ച വ്യാപകമായി പെയ്ത മഴ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടിനിടയാക്കി. തിങ്കളാഴ്ച വൈകീട്ടോടെയാണ് പലയിടത്തുനിന്നും വെള്ളക്കെട്ട് നീക്കൽ പൂർണമായത്. പകൽ ശാന്തമായിരുന്ന മഴ രാത്രിയോടെ ശക്തിപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമാക്കിയത്. റോഡുകൾ, താഴ്ന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞത് ഗതാഗതക്കുരുക്കിനിടയാക്കി. ഞായറാഴ്ച രാത്രി പലയിടത്തും ഗതാഗതം സ്തംഭിച്ചു.
ഗസാലി പാലത്തിനു താഴെയും ഗസാലി റോഡുമായുള്ള നാലാം റിങ് റോഡ് ഇന്റർസെക്ഷനിലും വലിയ വെള്ളക്കെട്ടാണ് ഉടലെടുത്തത്. ഇവിടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുരുങ്ങി. നാഷനൽ ഗാർഡ് ടീമുകൾ വാഹനങ്ങൾ നീക്കംചെയ്യുകയും വെള്ളം വറ്റിക്കുകയും ചെയ്യുന്നത് തിങ്കളാഴ്ചയും തുടർന്നു. അൽ മഗ്രിബ് റോഡും ഫോർത്ത് റിങ് റോഡും വെള്ളക്കെട്ട് പൂർണമായും മാറുന്നതുവരെ അടച്ചിട്ടു. ഫോർത്ത് റിങ് റോഡിൽനിന്ന് അഹമ്മദിയിലേക്കു മാത്രമാണ് തിങ്കളാഴ്ച രാവിലെ പ്രവേശനം അനുവദിച്ചത്.
ഞായറാഴ്ച രാത്രി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് റോഡുകളിൽ പരിശോധന നടത്തി. പൊലീസ് പട്രോളിങ്ങിന്റെ സുരക്ഷാ വിന്യാസം, മഴവെള്ളം കെട്ടിനിൽക്കുന്നത് നേരിടുന്നതിനുള്ള സംവിധാനം, വെള്ളം ഒഴിയാൻ സ്വീകരിച്ച നടപടികൾ എന്നിവ മന്ത്രി ചോദിച്ചറിഞ്ഞു. വെള്ളകെട്ട് എത്രയും വേഗം പരിഹരിക്കാൻ മന്ത്രി നിർദേശം നൽകി.
അതിനിടെ, വ്യാഴാഴ്ച രാത്രി മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. ബുധനാഴ്ച രാജ്യത്ത് പകൽ മിതമായ താപനിലയും രാത്രിയിൽ തണുപ്പും പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.