കുവൈത്ത് സിറ്റി: കുവൈത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്നത് ആലോചനയിലെന്ന് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് വികസനത്തിനാവശ്യമായ ഭവന നയ പരിഷ്കരണം സർക്കാറിെൻറ പരിഗണനയിലാണ്.
വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമാവകാശം നൽകുന്നത് ഉൾപ്പെടെ പരിഷ്കരണങ്ങൾ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. മേഖലയിൽ നിക്ഷേപം വർധിക്കുന്നത് വികസനത്തിന് ഗതിവേഗം പകരുമെന്നും സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് നൽകുമെന്നുമാണ് വിലയിരുത്തൽ. നികുതി ചുമത്തി വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ആസ്തികളിൽ ഉടമാവകാശം നൽകുന്നതാണ് ആലോചിക്കുന്നത്. ഭവനവായ്പ അനുവദിക്കുന്നതിലും ഭൂമി വിതരണം നടത്തുന്നതിലും ഉദാരസമീപനം സ്വീകരിക്കും.
വിദേശികൾ വലിയതോതിൽ കുവൈത്ത് വിട്ടതോടെ റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യം അനുഭവിക്കുന്നുണ്ട്. റെസിഡൻഷ്യൽ, കമേഴ്സ്യൽ കെട്ടിടങ്ങളിൽ വാടക കുറക്കാൻ ബന്ധപ്പെട്ടവർ നിർബന്ധിതരായി. കോവിഡ് പ്രതിസന്ധി റിയൽ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിച്ചു. 61,000 അപ്പാർട്ട്മെൻറുകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നാണ് യൂനിയൻ വ്യക്തമാക്കുന്നത്.
താമസക്കാരുള്ള അപ്പാർട്ട്മെൻറുകൾ 3,35,100 എണ്ണം ആണ്. 84.6 ശതമാണ് ഒക്യുപെൻസി. കോവിഡ് കാലത്ത് അപ്പാർട്ട്മെൻറുകളുടെ വാടകയിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടായി. സ്വദേശിവത്കരണവും ജീവിതച്ചെലവ് വർധിച്ചതും കാരണം വിദേശി കുടുംബങ്ങൾ കുറഞ്ഞു. ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്. വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ നിരവധി കെട്ടിടങ്ങളുടെയും മുന്നിലുണ്ട്. ഇതിനിടയിലും പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി ഒഴിയുന്നതോടെ മേഖല തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.