കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യ വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് കുവൈത്തിലെത്തി. കുവൈത്തിൽ ഭരണാധികാരികൾ, സർക്കാർ പ്രതിനിധികൾ, ഉന്നത വ്യക്തിത്വങ്ങൾ എന്നിവരുമായി ചർച്ച നടത്തി.
ഞായറാഴ്ച ബയാൻ പാലസിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, അമീർ ഫൈസൽ ബിൻ ഫർഹാനെ സ്വീകരിച്ചു.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിനും, അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസ അദ്ദേഹം അറിയിച്ചു.
ഇരുവർക്കും ആയൂർ ആരോഗ്യവും സൗദിയിലെ ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധിയും പുരോഗതിയും നേർന്നു.
സൗദി വിദേശകാര്യമന്ത്രിക്കൊപ്പം ഉന്നത പ്രതിനിധി സംഘവും കുവൈത്തിൽ എത്തിയിരുന്നു. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയുടെ ദിവാൻ ശൈഖ് അഹമ്മദ് അബ്ദുല്ല അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ്, കിരീടാവകാശിയുടെ ഓഫിസ് മേധാവി റിട്ട. ലെഫ്റ്റനന്റ് ജനറൽ ജമാൽ അൽ തയാബ്, വിദേശകാര്യ അണ്ടർ സെക്രട്ടറി മാസിൻ അൽ ഈസ, സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ ശൈഖ് അലി അൽ ഖാലിദ് അസ്സബാഹ്, കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് അൽ സഊദ് എന്നിവരും പങ്കെടുത്തു. മന്ത്രിയെയും പ്രതിനിധിസംഘത്തെയും നേരത്ത വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു.
വിദേശകാര്യ ഉപമന്ത്രി മൻസൂർ അൽ ഉതൈബി, ഗൾഫ് സഹകരണ കൗൺസിൽ അഫയേഴ്സ് വിദേശകാര്യ സഹമന്ത്രി സലീം ഗസാബ് അൽ സമാനാൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.