കുവൈത്ത് സിറ്റി: ഗസ്സയിൽനിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിൽ വേദനയും രോഷവും ഉളവാക്കുന്നവയാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹ്.
ദേശീയ അസംബ്ലിയിൽ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയണിസ്റ്റ് ഭരണകൂടം ആയിരക്കണക്കിന് നിരപരാധികളെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ബലപ്രയോഗത്തിലൂടെ നാടുകടത്തുകയും ചെയ്യുകയാണ്. അറബ്, മുസ്ലിം ലോകങ്ങൾക്കും സ്വാതന്ത്ര്യവും നീതിയും തേടുന്ന രാജ്യങ്ങൾക്കും വ്യക്തികൾക്കും സംഘങ്ങൾക്കും ഫലസ്തീൻ രാജ്യം എന്ന ലക്ഷ്യത്തിൽനിന്ന് മാറ്റമില്ല. കുവൈത്ത് എന്നും ഫലസ്തീന് കൂടെ നിൽക്കുന്നു. ഇസ്രായേൽ തുടരുന്ന ക്രൂരമായ ആക്രമണവും ചില രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയങ്ങളും കാരണം അറബ്, മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള നിലവിലെ രോഷം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള സമൂഹത്തിന് മുന്നിൽ ഫലസ്തീനികളുടെ ജീവൻ വില കുറഞ്ഞതാണോ, അതോ നിരപരാധികൾക്കെതിരെ നടത്തിയ കൂട്ടക്കൊലകളെ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ ന്യായീകരിക്കുന്നുണ്ടോ എന്നും ശൈഖ് സലീം ചോദിച്ചു.
സമ്പൂർണ അവകാശങ്ങളുള്ള സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഫലസ്തീൻ പ്രശ്നത്തിനുള്ള ഏക പരിഹാരം. ഇസ്രായേൽ ഗസ്സയിൽ ഇപ്പോൾ ചെയ്യുന്നത് യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനവുമാണ്. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും മുന്നിൽ വെച്ച് നീതി നടപ്പാക്കണം. ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങളെ അവഗണിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികൾക്കെതിരായ ആക്രമണത്തിന്റെ തുടക്കം മുതൽ ഉടനടി വെടിനിർത്തൽ നടപ്പാക്കുന്നതിനായി കുവൈത്ത് നിരവധി രാജ്യങ്ങളും സംഘടനകളുമായും ബന്ധപ്പെട്ടിരുന്നു. നിരവധി യോഗങ്ങളിലും പങ്കെടുത്ത് കുവൈത്ത് നയം വ്യക്തമാക്കി. ഫലസ്തീനായുള്ള ദേശീയ ദുരിതാശ്വാസ സഹായ കാമ്പയിനിൽ മൂന്നു മില്യൺ ദീനാർ സംഭാവന ശേഖരിച്ചതായും ശൈഖ് സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.