കുവൈത്ത് സിറ്റി: ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ ഫീസ് കുടിശ്ശികയുള്ളവരുടെ പരീക്ഷഫലം തടഞ്ഞുവെക്കുന്നതായും ക്ലാസ് കയറ്റം തടയുന്നതായും പരാതിയുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ജോലിയും വരുമാനവും ഇല്ലാതായ നിരവധി രക്ഷിതാക്കൾ ഫീസ് കുടിശ്ശിക വരുത്തിയിട്ടുണ്ട്. നാട്ടിൽ പോയ കുടുംബങ്ങളിലെ കുട്ടികളും ഒാൺലൈനായി ക്ലാസിൽ ഹാജരായിരുന്നു. ഇവരുടെയും ഫീസ് കുടിശ്ശികയാണുള്ളത്.ഭാഗികമായി കുടിശ്ശികയുള്ള കുട്ടികളുടെയും ക്ലാസ് കയറ്റം തടഞ്ഞതായാണ് വിവരം. അതേസമയം, ചില സ്കൂളുകൾ രക്ഷിതാക്കളിൽനിന്ന് സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങി കുട്ടികൾക്ക് പ്രമോഷൻ നൽകുന്നു. മാനുഷിക പരിഗണന അർഹിക്കുന്ന വിഷയത്തിൽ കുട്ടികളുടെ അവകാശങ്ങൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
അതേസമയം, വലിയൊരു വിഭാഗം രക്ഷിതാക്കൾ ഫീസ് അടച്ചിട്ടില്ലെന്നും സ്കൂൾ നടത്തിക്കൊണ്ടുപോകാൻ പ്രയാസം നേരിടുന്നതിനാലാണ് ഫീസ് കുടിശ്ശിക അടച്ചുതീർക്കാൻ ആവശ്യപ്പെടുന്നതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. അധ്യാപകരുടെ ശമ്പളം ഉൾപ്പെടെ ചെലവുകൾ കുറഞ്ഞിട്ടില്ലെന്നും എന്നാൽ, വരുമാനം കാര്യമായി കുറഞ്ഞതായും സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. കർഫ്യൂവും ലോക്ഡൗണും പ്രവാസികളുടെ തൊഴിലിനെയും സംരംഭങ്ങളെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. വരവും ചെലവും ഒത്തുപോകാതെ പ്രയാസപ്പെടുകയാണ് ചെറുകിട വ്യാപാരികളും സംരംഭകരും. നേരേത്ത നല്ല നിലയിൽ കഴിഞ്ഞിരുന്നവരാണ് ഇപ്പോൾ കുട്ടികളുടെ സ്കൂൾ ഫീസ് അടക്കാൻ പോലും പ്രയാസപ്പെടുന്നത്.
കുവൈത്തിലെ സ്കൂളുകളിൽ ഉയർന്ന ഫീസ് നിരക്കാണുള്ളത്. മൂന്ന് കുട്ടികളുള്ള രക്ഷിതാക്കൾ നല്ലൊരു തുക ഫീസ് ആയി നൽകണം. പുസ്തകം, യൂനിഫോം, മറ്റു ഫീസുകൾ തുടങ്ങി ചെലവുകൾ വേറെയും. കോവിഡ് പ്രതിസന്ധി ഒഴിയുന്നതുവരെ സാവകാശം നൽകണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.