കുവൈത്ത് സിറ്റി: സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കാനിരിക്കേ ഗതാഗതക്കുരുക്ക് മുന്നിൽക്കണ്ടുള്ള ക്രമീകരണം ഒരുക്കി അധികൃതർ. രാജ്യത്ത് വിപുലമായ ഗതാഗത ക്രമീകരണം ഒരുക്കിയതായി 0ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനും ഹെലികോപ്ടറുകളുടെ പിന്തുണയോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ഗതാഗത തിരക്ക് നിയന്ത്രിക്കാൻ 150 ട്രാഫിക് പട്രോളിങ് വാഹനങ്ങള്‍, 100 റെസ്ക്യൂ പട്രോളിങ് വാഹനങ്ങള്‍, 26 മോട്ടോർ സൈക്കിളുകൾ എന്നിവ രാജ്യത്തുടനീളമായി വിന്യസിക്കും. ഗതാഗതം സുഗമമാക്കുന്നതിന് ഹൈവേകളിലും റോഡുകളുടെ പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും സ്കൂളുകൾക്ക് സമീപവും ആവശ്യത്തിന് പെട്രോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചതായി ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ എസ്സ പറഞ്ഞു.
തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങളുമായി ചേര്‍ന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രവര്‍ത്തിക്കും. സ്കൂൾ പ്രവേശന കവാടത്തിന് മുന്നിൽ കുട്ടികളെ നേരിട്ട് ഇറക്കി വിടരുത്. ഇത് റോഡ് തടസ്സപ്പെടുത്തുകയും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്യും.അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവും ഒഴിവാക്കണം.ഈ കാര്യം രക്ഷിതാക്കളും ബസ് ഡ്രൈവർമാരും ശ്രദ്ധിക്കണം. നേരത്തെ തന്നെ സ്കൂളില്‍ എത്താൻ ശ്രമിക്കണം.
വിദ്യാർഥികളുടെ ട്രാന്‍സ്പ്പോട്ടേഷനായി 1500 ബസുകൾ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഈ ബസുകൾ ഉപയോഗിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.