കുവൈത്ത് സിറ്റി: ഈ കനത്ത ചൂടിലും തെരുവുകളിൽനിന്ന് മുകളിലേക്ക് നോക്കിയാൽ ഇപ്പോൾ ഉള്ളം തണുപ്പിക്കുന്ന മനോഹരമായ കാഴ്ചകൾ കാണാം. റോഡരികിലും പാർക്കുകളിലും കൃഷിയിടങ്ങളിലും മഞ്ഞ നിറത്തിലുള്ള തിരികൾ തെളിഞ്ഞുകത്തുന്നതുപോലെ ഈന്തപ്പനകൾ മഞ്ഞയണിഞ്ഞിരിക്കുന്നു. പാകമായ പഴങ്ങൾ വീണുപോകാതിരിക്കാൻ വലകളാൽ ചുറ്റപ്പെട്ട് സംരക്ഷിച്ചിരിക്കുന്നു. അവക്കിടയിലൂടെ കാണുന്ന മഞ്ഞ നിറങ്ങളിൽ പാകമായ പഴങ്ങൾ ആരെയും മോഹിപ്പിക്കും. രാജ്യത്ത് ഇത് ഈത്തപ്പഴ വിളവെടുപ്പിന്റെ കാലമാണ്. അതിന് സമയമാകുംവരെ ഈ മരങ്ങൾ ഇങ്ങനെ മഞ്ഞ പുതച്ചുനിൽക്കും. നേരത്തെ പാകമായ ചിലത് വിപണിയിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇനങ്ങൾ വിപണിയിലെത്തും.
മറ്റ് അറബ് രാജ്യങ്ങളിലേതുപോലെ വിവിധതരത്തിലുള്ള ഈന്തപ്പനകൾ കുവൈത്തിലുണ്ടെങ്കിലും തിളക്കമുള്ള മഞ്ഞനിറവും മധുരമേറിയതുമായ ‘അൽ-ബർഹി’യാണ് ഈ ഘട്ടത്തിലെ താരം. കുവൈത്തിലെ നൂറുകണക്കിന് ഇനം ഈത്തപ്പഴങ്ങൾക്കിടയിൽ ബർഹിക്ക് പ്രത്യേക സ്ഥാനമുണ്ട്. വലുപ്പവും വിശാലതയും കൊണ്ടും ബർഹി ഈന്തപ്പനകൾ വ്യത്യസ്തമാണ്. ഓരോ ഈന്തപ്പനയും ഏകദേശം 200 മുതൽ 300 കിലോഗ്രാം വരെ ഫലം നൽകും.
രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള വിളവ് ലഭിക്കുന്നതിൽ ബർഹി തോട്ടങ്ങൾ ഇതുവരെ ചതിച്ചിട്ടില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. കാർഷിക മേഖലയായി അറിയപ്പെടുന്ന വഫ്റയിലും അബ്ദലിയിലുമാണ് അൽ ബർഹി കൂടുതൽ വിളയുന്നത്. എല്ലാ വർഷവും ആഗസ്റ്റ് തുടക്കത്തോടെയാണ് ബർഹിയുടെ വിളവുകാലം ആരംഭിക്കുന്നത്.
കാഴ്ചഭംഗിയോടൊപ്പം രുചിയിലും കേമനാണ് ബർഹി. പഞ്ചസാര കലക്കി ഒഴിച്ചതുപോലുള്ള മധുരവും മുറുക്കവും ഈ ഇനത്തിന്റെ പ്രത്യേകതയാണ്. കൂടുതൽ പഴുത്ത് ഈത്തപ്പഴമായി സൂക്ഷിച്ച് കഴിക്കുന്നതിനേക്കാൾ ഇവ പാതി പഴുപ്പിൽ കഴിക്കാനാണ് സ്വദേശികളും വിദേശികളും ഏറെ ഇഷ്ടപ്പെടുന്നത്.
വിൽപന കേന്ദ്രങ്ങളിൽ ഈത്തപ്പഴങ്ങൾ എത്തിത്തുടങ്ങിയതോടെ തീൻമേശകളിലും വാഹനങ്ങളിലും അവ സ്ഥാനം പിടിച്ചുതുടങ്ങി. പള്ളികളിലും നമസ്കാരത്തിനെത്തുന്നവർക്ക് പഴങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.