കുവൈത്ത് സിറ്റി: കശ്മീരിന്റെ തനത് തുണിത്തരങ്ങളുടെ പ്രദർശനം കുവൈത്തിൽ ആരംഭിച്ചു. തുണിത്തരങ്ങളുടെ പ്രദർശനത്തിനൊപ്പം നെയ്ത്ത്, എംബ്രോയ്ഡറി എന്നിവയുടെ തത്സമയ പ്രദർശനം ഇവിടെയുണ്ട്. കുവൈത്ത് സാംസ്കാരിക കേന്ദ്രമായ ഹൗസ് ഓഫ് സദുവും കശ്മീർ ലൂമും ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് പ്രദർശനം. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്കാരിക കൈമാറ്റം, കലാപരമായ ബന്ധം ശക്തിപ്പെടുത്തൽ എന്നിവക്കുള്ള വേദിയായി പ്രദർശനം മാറി. തുണിത്തരങ്ങളുടെ പ്രദർശനങ്ങൾക്കൊപ്പം കശ്മീരിന്റെ അതിമനോഹരമായ പ്രകൃതി, പരവതാനി നിർമാണ പാരമ്പര്യങ്ങൾ, വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയിലേക്കുള്ള നേർക്കാഴ്ചയായും ഇതു മാറി.
എക്സിബിഷന്റെ ഉദ്ഘാടനത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഇന്ത്യൻ തുണിത്തരങ്ങളുടെ സങ്കീർണമായ ഡിസൈനുകളെയും ഗുണനിലവാരത്തെയും പ്രശംസിച്ചു. കശ്മീരിന്റെ സമ്പന്നമായ ടെക്സ്റ്റൈൽ പൈതൃകത്തെയും ഉയർത്തിക്കാട്ടി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ വ്യാപാരബന്ധവും ഡോ. സ്വൈക സൂചിപ്പിച്ചു. ഞായറാഴ്ച ആരംഭിച്ച പ്രദർശനം വ്യാഴാഴ്ച അവസാനിക്കും. രാവിലെ 10 മുതൽ ഒരുമണിവരെയും വൈകീട്ട് നാലു മുതൽ എട്ടുവരെയും പ്രവർത്തിക്കും. കശ്മീരി തുണിത്തരങ്ങൾ വാങ്ങാനും ആസ്വദിക്കാനും ഇവിടെ എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.