കുവൈത്ത് സിറ്റി: താപനില ഉയർന്നതോടെ രാജ്യത്ത് പുറംജോലികൾക്ക് നിയന്ത്രണം നിലവിൽ വന്നു. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന നിയമം ആഗസ്റ്റ് 31 വരെ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. വേനൽക്കാലത്തെ കനത്ത ചൂടിന്റെ ഗുരുതര ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കൽ ലക്ഷ്യമിട്ടാണ് നിരോധനം. 2015ലാണ് രാജ്യത്ത് ഉച്ചവിശ്രമ നിയന്ത്രണം ആദ്യമായി അവതരിപ്പിച്ചത്.
തീരുമാനം പൂർണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ മാൻപവർ അതോറിറ്റിയുടെ പ്രത്യേക സംഘങ്ങൾ വർക്ക്സൈറ്റുകൾ സന്ദർശിക്കുമെന്ന് ആക്ടിങ് ഡയറക്ടർ മർസൂഖ് അൽ ഒതൈബി പറഞ്ഞു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആദ്യം മുന്നറിയിപ്പ് നൽകും. തുടർന്നും നിയമലംഘനം കണ്ടെത്തിയാൽ ജോലി ചെയ്യിപ്പിക്കുന്ന തൊഴിലാളികൾക്കനുസരിച്ച് പിഴ ചുമത്തും. താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴില്‍ സുരക്ഷാ മാര്‍ഗനിർദേശങ്ങള്‍ വ്യക്തമാക്കി മന്ത്രാലയം ബോധവത്കരണ കാമ്പയിന് തുടങ്ങിയിട്ടുണ്ട്. നിയമലംഘനങ്ങൾ ഉണ്ടായാൽ അതോറിറ്റിയെ 24936192 എന്ന നമ്പറിൽ അറിയിക്കാം. തീപിടിത്ത കേസുകൾ ഒഴിവാക്കാൻ ജനറൽ ഫയർഫോഴ്സും കാമ്പയിനും സ്ഥാപനങ്ങളിൽ പരിശോധനയും നടത്തിവരുന്നുണ്ട്.
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് തൊട്ടു താഴെ എത്തി. കഴിഞ്ഞ ദിവസം ജഹ്റയിൽ 48 ഡിഗ്രി സെൽഷ്യസും വിമാനത്താവളത്തിൽ 47 ഡിഗ്രിയും കുവൈത്ത് സിറ്റിയിൽ 42 ഡിഗ്രിയും താപനില രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരും. ഈ വർഷത്തെ ഏറ്റവും ചൂടേറിയ സീസൺ ജൂൺ ഏഴിന് ആരംഭിക്കും. 13 ദിവസം നീളുന്ന കാന സീസണിന്റെ അവസാനഘട്ടത്തിലാണ് രാജ്യം ഇപ്പോൾ. ഈ കാലഘട്ടത്തിൽ തീവ്രമായ വേനൽ ചൂടിന്റെ ആരംഭം കുറിക്കും. താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയർന്നു. രാജ്യത്തെ വൈദ്യുതി ഉപഭോഗം 16,000 മെഗാവാട്ടെന്ന ഗുരുതര നിലയിലെത്തിയിട്ടുണ്ട്. ശനിയാഴ്ച മുതൽ കുവൈത്തിന് ജി.സി.സി പവർ ഗ്രിഡിൽനിന്ന് പ്രതിദിനം 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നത് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.