കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നുമാസത്തിനിടെ പത്തുലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 2022ലെ ആദ്യ മൂന്നുദിവസത്തെ കണക്കാണ് ഗതാഗത അവബോധ വകുപ്പിലെ പബ്ലിക് റിലേഷൻ ഓഫിസർ മേജർ അബ്ദുല്ല ബൂഹസൻ പുറത്തുവിട്ടത്. പ്രതിദിനം 12,330 നിയമലംഘനമാണ് ശരാശരി വരുന്നത്. പരിശോധന സംഘങ്ങൾ കണ്ടെത്തുന്നതും കാമറയിൽ രേഖപ്പെടുത്തുന്നതുമായ കണക്കുകൾ ചേർത്താണിത്.
കൂടുതലും അമിത വേഗതയുമായി ബന്ധപ്പെട്ടതാണ്. 4,33,638 കേസുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. 35,788 നിയമലംഘനം റെഡ് സിഗ്നൽ ലംഘിച്ചതാണ്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ് മൂന്നാംസ്ഥാനത്ത് വരുന്നത്. 16,344 കേസുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. ലൈസൻസില്ലാതെ വാഹനമോടിച്ച 8750 കേസുകൾ പിടികൂടി. 1533 വാഹനങ്ങൾ മൂന്നുമാസത്തിനിടെ കസ്റ്റഡിയിലെടുത്തു. ഗുരുതര നിയമലംഘനങ്ങൾ വരുത്തി 716 പേരെ കസ്റ്റഡിയിലെടുത്തു.
2226 വാഹനാപകടങ്ങൾ ഇക്കാലയളവിൽ ഉണ്ടായപ്പോൾ 82 പേർ മരണമടഞ്ഞു. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെടുന്നവർ വാട്സ്ആപ് വഴി ഗതാഗത വകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. നിയമലംഘനത്തിന്റെ ഫോട്ടോ എടുത്ത് അയച്ചാൽ അയക്കുന്നവരുടെ സ്വകാര്യത സംരക്ഷിച്ച് തന്നെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് സംഭവിക്കുന്ന വാഹനാപകടങ്ങളിൽ വലിയൊരു ഭാഗത്തിനും കാരണമാകുന്നത് ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.