കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവെക്കണമെന്ന ഹരജി അഡ്മിനിസ്ട്രേറ്റിവ് കോടതി തള്ളി. വിഷയം തങ്ങളുടെ അധികാരപരിധിയിലല്ലെന്ന് വിശദീകരിച്ചാണ് കോടതി തീരുമാനം. 2022 ലെ ദേശീയ അസംബ്ലി അസാധുവാക്കിയ നടപടിക്കെതിരെയുള്ള അപ്പീൽ തീർപ്പാക്കുന്നതുവരെ പുതിയ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് തങ്ങളുടെ അധികാരപരിധിയിലല്ലെന്ന് കൗൺസിലർ ഹമദ് അൽ മോസാബിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റിവ് കോടതി വിധിച്ചു.
അതേസമയം, 2022ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി അസാധുവാണെന്നും വിജയിച്ച കൗൺസിൽ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന അപ്പീലിൽ ഭരണഘടന കോടതി ബുധനാഴ്ച വിധിപറയും. 2022ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ മുൻ എം.പിമാർ അടക്കമുള്ളവരാണ് അപ്പീൽ ഹരജിയുമായി ഭരണഘടന കോടതിയെ സമീപിച്ചത്. ജൂൺ ആറിനാണ് തെരഞ്ഞെടുപ്പ്.
2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന് പിറകെ 2022ൽ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഈ നടപടിക്കെതിരായ പരാതിയിൽ ഭരണഘടന കോടതി ഇടപെടുകയും 2022ലെ തെരഞ്ഞെടുപ്പ് റദ്ദാക്കി 2020ലെ ദേശീയ അസംബ്ലി പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, 2020 ലെ പാര്‍ലമെന്റ് ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് അമീര്‍ പിരിച്ചുവിട്ടു. ഇതോടെയാണ് രാജ്യം പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ജൂൺ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് 15 സ്ത്രീകൾ ഉൾപ്പെടെ 252 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷൻ കർശന നിർദേശം നൽകി. ഫലത്തെ സ്വാധീനിക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്ഥാനാർഥിയുടെ പെരുമാറ്റത്തെക്കുറിച്ചോ സദാചാരത്തെക്കുറിച്ചോ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്ക് അഞ്ചുവർഷം തടവോ 2,000 ദീനാറിൽ കുറയാത്ത പിഴയോ നടപ്പാക്കും.
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ വിവിധ സഹായങ്ങളുമായി യുവജനങ്ങളുണ്ടാകും. വോട്ടർമാരെ സ്വീകരിക്കുക, വോട്ട് ചെയ്യാൻ സഹായിക്കുക, പ്രായമായവർക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കും വേണ്ട കാര്യങ്ങൾ ചെയ്യുക എന്നിവയാണ് ഇവരുടെ ജോലികൾ. വളന്റിയർമാരായി പ്രവർത്തിക്കാൻ യുവാക്കൾക്ക് അവസരമൊരുക്കുന്നതായി യുവജനങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റി അറിയിച്ചു.
ആറ് ഗവർണറേറ്റുകളിലെ പോളിങ് സ്റ്റേഷനുകളിലും ഇത്തരം വളണ്ടിയർമാരെ നിയമിക്കും. ഇവർക്ക് പ്രശംസാപത്രവും നൽകും. യുവാക്കളുടെ ഊർജം ഉപയോഗപ്പെടുത്താനും ദേശീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ അവരെ പിന്തുണക്കാനുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. 18 നും 34 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കാണ് അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.