കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ ഭാഗമായി 'ആസാദി കാ അമൃത് മഹോത്സവ്' എന്ന തലക്കെട്ടിൽ ഇന്ത്യൻ എംബസി കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി 'എംബസി പരിചയപ്പെടുത്തൽ സന്ദർശന പരിപാടി' ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യവാർഷികത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുവൈത്തിലെ ഇന്ത്യൻ യുവതയെ അവരുടെ മാതൃഭൂമിയുടെ മഹത്തായ ചരിത്രവും സ്വാതന്ത്ര്യസമരവും പൈതൃകവും മനസ്സിലാക്കിക്കൊടുക്കുകയുമാണ് പരിപാടിയിലൂടെ എംബസി ഉദ്ദേശിക്കുന്നതെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസിയുടെ രാഷ്ട്രീയ, വാണിജ്യ, തൊഴിൽ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേകം തയാറാക്കിയ വിഡിയോ ഡോക്യുമെന്ററി പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു. കുവൈത്തിലെ എംബസിയുടെ സേവനങ്ങൾ വിശദീകരിക്കുകയും എംബസി കെട്ടിടത്തിന്റെ മനോഹരമായ വാസ്തുവിദ്യ വിദ്യാർഥികളെ കാണിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ വിദ്യാർഥികളുമായി സംവദിച്ചു. 'ഇന്ത്യൻ സിവിൽ സർവിസസിനുള്ള ആമുഖം' എന്ന തലക്കെട്ടിൽ നയതന്ത്രജ്ഞർ സംസാരിച്ചു. കുവൈത്തിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ഇന്ത്യൻ നേവൽ ഷിപ്പ് (ഐ.എൻ.എസ്) ടെഗ് സന്ദർശിക്കുകയും ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 300ലധികം വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പരിപാടിയുടെ ആദ്യ ദിനത്തിൽ പങ്കാളികളായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.