ജിദ്ദ: ഗസ്സയിലെ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം തടയുന്ന കാര്യത്തിൽ യു.എൻ സുരക്ഷാസമിതി പരാജയപ്പെടുന്നത് അതീവ ദുഃഖകരമാണെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിതല എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിനൊടുവിൽ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾ തടയാനുള്ള കഴിവില്ലായ്മയിൽ ഐക്യരാഷ്ട്രസഭയോട് ഖേദിക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിലും പ്രതിരോധമില്ലാത്ത സാധാരണക്കാരെ സംരക്ഷിക്കുന്നതിലും സുരക്ഷാസമിതിക്ക് ഒന്നും ചെയ്യാനാവില്ല എന്ന് തെളിയുന്നത് ഞെട്ടിക്കുന്നതാണ്. ഗസ്സയിലെ സ്ഥിതി അതിദയനീയമാണ്. ഭക്ഷണത്തിനും മരുന്നുകൾക്കുമുൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഉടൻ പിൻവലിക്കണം.
ഫലസ്തീനിലെ അധിനിവിഷ്ട പ്രദേശങ്ങളിലുടനീളം ജനങ്ങൾക്കുനേരെ ഇസ്രായേൽ നിരന്തരം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയാണ്. വംശഹത്യക്ക് തുല്യമായ ഇതിനെ ശക്തമായി അപലപിക്കുന്നു. ഏതെങ്കിലും കാരണത്താൽ സിവിലിയന്മാരെ ലക്ഷ്യംവെക്കുന്നതിനോ സ്വന്തം വീടുകളിൽനിന്ന് പുറത്താക്കുന്നതിനോ നടത്തുന്ന ആഹ്വാനങ്ങളെ പൂർണമായും തള്ളിക്കളയുന്നു. ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കണം. മാനുഷിക, മെഡിക്കൽ സഹായങ്ങളും ദുരിതാശ്വാസ വസ്തുക്കളും വെള്ളവും വൈദ്യുതിയും നൽകാൻ ഇത്തരത്തിൽ സുരക്ഷിതമായ മാർഗങ്ങൾ തുറക്കാൻ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഒത്തൊരുമിച്ചുനിന്ന് പ്രവർത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.