കുവൈത്ത് സിറ്റി: രാജ്യ തലസ്ഥാനത്തുനിന്ന് ഇരുപത് കിലോമീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ഫൈലക ദ്വീപ് എന്നും കൗതുകങ്ങളുടെ കലവറയാണ്. ശിലായുഗത്തോളം പഴക്കമുള്ള ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണ്. ദ്വീപിന്റെ ചരിത്രത്തിന് ബി.സി മൂവായിരത്തിലെ ദിൽമൂണ് യുഗത്തോളം പഴക്കമുണ്ട്.
1957ല്‍ ഫൈലകയിലെത്തിയ ഡെന്മാര്ക്ക് സംഘമാണ് ആദ്യം ദ്വീപില്‍ പര്യവേഷണം ആരംഭിച്ചത്. 1976ല്‍ ഇറ്റലിയിലെ ഫൈന്സിയാ യൂനിവേഴ്സിറ്റി സംഘം പര്യവേക്ഷണത്തിനെത്തി. ഇവരാണ് ഖറായിബ് അൽ ദശ്തിലെ പുരാതന അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത്. 2013 മുതൽ കുവൈത്ത്- പോളിഷ് സംയുക്ത സംഘവും ഗവേഷണം നടത്തി.
ദ്വീപിൽ അബ്ബാസിയ ഖിലാഫത്ത് കാലത്തുതന്നെ മനുഷ്യവാസം ഉണ്ടായിരുന്നതായി കുവൈത്ത്-ഇറ്റാലിയൻ ഗവേഷകസംഘം കണ്ടെത്തിയിരുന്നു. ഇഷ്ടികയും കല്ലും ഉപയോഗിച്ച് നിർമിച്ച വീടിന്റെ അവശിഷ്ടങ്ങൾ, വിശാലമായ മുറ്റങ്ങളോടു കൂടിയ കെട്ടിടങ്ങൾ, കപ്പലുകൾക്ക് ഉപയോഗിക്കുന്ന പെയിന്റുകളുടെ അവശിഷ്ടം, വലിയ മത്സ്യത്തിന്റെയും മൃഗങ്ങളുടെയും മുള്ളുകളും എല്ലുകളും, ചൈനയിൽനിന്നുമുള്ള കളിമൺ പാത്രങ്ങൾ.
ഇന്ത്യയിൽനിന്നുള്ള ഗ്ലാസ് ബ്രെയിസ്ലെറ്റുകൾ, ഇന്ത്യൻ മൺപാത്രങ്ങൾ, ജോർഡൻ സിറാമിക്സ് അവശിഷ്ടങ്ങൾ എന്നിവയും ഖനനത്തിൽ കണ്ടെത്തി. കുവൈത്ത്- പോളിഷ് സംയുക്ത സംഘം നടത്തിയ ഗവേഷണത്തിൽ പുരാതന മുസ്ലിം പള്ളിയുടെ അവശിഷ്ടവും കണ്ടെത്തി.
മെസപ്പൊട്ടേമിയന് സംസ്കാരത്തിന്റെ കൂടി ഭാഗമായ ഫൈലകയിൽ ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലം വരെ ജനവാസം ഉണ്ടായിരുന്നു. 2000ത്തിലധികം താമസക്കാരും സ്കൂളുകളും ആരാധനാലയങ്ങളുമൊക്കെയുണ്ടായിരുന്ന ഫൈലക ഇറാഖ് സൈനിക താവളമായി മാറ്റി. അന്ന് ദ്വീപ് വിട്ടോടിയ ജനങ്ങള്‍ പിന്നീട് അങ്ങോട്ട് തിരിച്ചു കയറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.