കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടിക പരിഷ്കരിക്കുമെന്ന് നേരേത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും ആഴ്ചകളായി 34 രാജ്യങ്ങൾ തുടരുകയാണ്. പുതിയ പരിഷ്കരണത്തിൽ കൂടുതൽ രാജ്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതിനിടെ വിലക്കുള്ള രാജ്യങ്ങളിൽനിന്ന് നിബന്ധനകളോടെ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേസും ജസീറ എയർവേസും കർമപദ്ധതി സമർപ്പിച്ചിരുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു നേരിട്ടുള്ള സർവിസ് പുനരാരംഭിക്കുന്നതിന് കഴിഞ്ഞയാഴ്ചയാണ് കുവൈത്തിലെ വിമാനക്കമ്പനികൾ വ്യോമയാന വകുപ്പിനും ആരോഗ്യമന്ത്രാലയത്തിനും കർമപദ്ധതി സമർപ്പിച്ചത്. പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പഠിച്ചശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സിക്കോ, ലബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇൗജിപ്ത്, പാനമ, പെറു, മൾഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.
ആദ്യം ഏഴു രാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും അതിനുശേഷം അഫ്ഗാനിസ്താനെക്കൂടി പട്ടികയിൽ ചേർക്കുകയുമായിരുന്നു. അതിനുശേഷം പട്ടികയിൽനിന്ന് സിംഗപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബർ 14നാണ് ഇൗ മാറ്റം വരുത്തിയത്. അതിനുശേഷം മാറ്റം വരുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.