കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത തൊഴിലാളികളെ വിപണിയിലും കടകളിലും പ്രവേശിപ്പിക്കില്ലെന്ന് മുനിസിപ്പൽ മേധാവി അഹ്മദ് അൽ മൻഫൂഹി പറഞ്ഞു.
കുവൈത്തികളും വിദേശികളുമായ രാജ്യനിവാസികളുമായി ഇടപെടേണ്ടി വരുമെന്നതിനാൽ വാണിജ്യ കാര്യങ്ങളിൽനിന്ന് മാറ്റിനിർത്തേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിത്തുടങ്ങിയിട്ടില്ല. വലിയ വാണിജ്യ സമുച്ചയങ്ങളിലും സലൂണുകളിലും ഹെൽത് ക്ലബിലും റസ്റ്റാറൻറുകളിലും ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങളിൽ തന്നെ ജീവനക്കാർക്കും സ്ഥാപന ഉടമകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
നിരവധി കുവൈത്തികൾ കുത്തിവെപ്പിന് തയാറാകാതെ നിൽക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടികൾ സംബന്ധിച്ച് മുനിസിപ്പൽ മേധാവി മുന്നറിയിപ്പ് നൽകിയത്.
സാധാരണ നിലയിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുവരാൻ എല്ലാവരും വാക്സിൻ സ്വീകരിക്കണം. ആരോഗ്യ സംവിധാനത്തെ സഹായിക്കാനാണ് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.