കുവൈത്ത് സിറ്റി: ഇന്ത്യയുടെ 73ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ് നേതൃത്വം നൽകി. കോവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാതെ ആയിരുന്നു എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോഷം. രാവിലെ ഒമ്പതിന് അംബാസഡർ സിബി ജോർജ് രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങിന് തുടക്കമിട്ടത്. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യൻ സമൂഹത്തിന് ക്ഷേമം ഉറപ്പാക്കുന്ന നടപടികളിൽ മികച്ച പിന്തുണ നൽകുന്ന കുവൈത്ത് ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. എംബസി ജീവനക്കാരും കുടുംബങ്ങളും ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ആയിരക്കണക്കിന് പ്രവാസികൾ ചടങ്ങ് തത്സമയം വീക്ഷിച്ചു.
വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഓവർസീസ് പ്രസിഡൻറ് ബിബിൻ പി. ചാക്കോ അധ്യക്ഷത വഹിച്ചു. നാസർ ബ്രൂണെ സ്വാഗതം പറഞ്ഞു. മുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ടി.പി. ശ്രീനിവാസൻ മുഖ്യാതിഥിയായി. വൈഗിക, ഷിൽമി ഷാജി എന്നിവർ ഗാനങ്ങൾ ആലപിച്ചു. സംസ്ഥാന പ്രസിഡൻറ് എൻ.എം. ഷെരീഫ്, ജനറൽ സെക്രട്ടറി ബിജീഷ് തോമസ്, ട്രഷറർ അശോക് കുമാർ, വൈസ് പ്രസിഡൻറുമാരായ നിസാർ പടിക്കൽ വയൽ, മാത്യു കാവുങ്കൽ, സ്ഥാപകാംഗങ്ങളായ വിനോദ് കെ. ജോസ്, ബിജു എം. ജോസഫ് എന്നിവർ സംസാരിച്ചു. ആമിന സലിം നൃത്തം അവതരിപ്പിച്ചു. ഓവർസീസ് കമ്മിറ്റി ട്രഷറർ സാബു കുര്യൻ നന്ദി പറഞ്ഞു.
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ റിപ്പബ്ലിക് ദിനത്തിൽ 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ' തലക്കെട്ടിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തി. മതത്തിന്റെ പേരിൽ അധികാരത്തിലേറി അതിന്റെ പിൻബലത്തിൽ വർഗീയത കളിക്കുന്ന രംഗമാണ് ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉസ്മാൻ ദാരിമി പ്രാർഥന നിർവഹിച്ചു. അധ്യക്ഷൻ അബ്ദുൽ ഗഫൂർ ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൈനുൽ ആബിദ് ഫൈസി സ്വാഗതവും ഇ.എസ്. അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി കുവൈത്ത് ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയയിലെ ഒ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് എബി വാരിക്കാട് പതാക ഉയർത്തി. വർഗീസ് ജോസഫ് മാരാമൺ, ബിനു ചെമ്പാലയം, റോയി കൈതവന, അലക്സ് മാനന്തവാടി, ഷോബിൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ത്യൻ എജുക്കേഷൻ സ്കൂൾ കുവൈത്ത് സ്കൂൾ അങ്കണത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലുമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
പ്രിൻസിപ്പൽ ടി. പ്രേംകുമാർ ദേശീയപതാക ഉയർത്തി. ഭവൻസ് കുവൈത്ത് ഡയറക്ടർ കൃഷ്ണദാസ് മേനോൻ മുഖ്യാതിഥിയായി. രാജ്യത്തിന്റെ പുരോഗതിയെ ഉദ്ഘോഷിച്ച് വിദ്യാർഥികൾ തയാറാക്കിയ വിഡിയോ പ്രദർശിപ്പിച്ചു. കലാപരിപാടികളും അരങ്ങേറി. കായികമത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള അവാർഡ് വിതരണം ഓൺലൈനായി നടത്തി. മിഡിലീസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മേനോൻ, വൈസ് പ്രിൻസിപ്പൽമാരായ അൻസെൽമ ടെസ്സി, മീനാക്ഷി നയ്യാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.