കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷക്കും ജനജീവിതത്തിനുമിടയിൽ സന്തുലനം വേണമെന്ന് കുവൈത്ത് പാർലമെൻറ്. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി സ്വീകരിക്കുന്ന നടപടികൾ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് സന്തുലിത സമീപനം വേണമെന്ന് പാർലമെൻറ് അംഗങ്ങൾ ആവശ്യപ്പെട്ടത്.
കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിലാണ് എം.പിമാർ ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്.
വ്യാപാര നിയന്ത്രണംമൂലം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തി.
ചില മേഖലകൾ അടച്ചിടാൻ എടുത്ത തീരുമാനം പുനഃപരിശോധിക്കാൻ മന്ത്രിസഭയോട് ആവശ്യപ്പെട്ടു. സാമ്പത്തിക, ആരോഗ്യ വിദഗ്ധർ ഉൾപ്പെടുന്ന സംയുക്ത സമിതി രൂപവത്കരിച്ച് എല്ലാ വശവും പരിഗണിച്ചുള്ള തീരുമാനമെടുക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. കൂടുതൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറക്കണമെന്നും വിദേശത്തുനിന്ന് വരുന്നവർ കോവിഡ് മുക്തരാണെന്ന് ഉറപ്പാക്കാൻ കർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വായ്പ തിരിച്ചടവിന് ഒരുവർഷം സാവകാശം നൽകണമെന്നതാണ് മറ്റൊരു പ്രധാന ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.