കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാവിലെ കുവൈത്തിൽനിന്ന് കണ്ണൂരിലേക്കു പുറപ്പെടേണ്ടിയിരുന്ന ഗോ ഫസ്റ്റ് വിമാനം റദ്ദാക്കി. ഗോ ഫസ്റ്റിന്റെ മേയ് മൂന്നു മുതൽ അഞ്ചുവരെയുള്ള വിവിധ സർവിസുകൾ റദ്ദാക്കിയതിന്റെ ഭാഗമായാണ് ഇത്. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. സർവിസ് റദ്ദാക്കിയതോടെ നേരത്തേ ടിക്കറ്റെടുത്ത നിരവധി കുടുംബങ്ങളുടെ യാത്ര മുടങ്ങി. കല്യാണം, തുടർപഠനം, ചികിത്സ എന്നിവക്ക് നാട്ടിലേക്കു തിരിച്ച നിരവധി പേർ യാത്രക്കാരിലുണ്ട്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ബുക്ക് ചെയ്തവരായിരുന്നു കൂടുതൽ പേരും.
പ്രവാസികളുടെ ആകാശയാത്രാപ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുന്നു. വിമാനങ്ങൾ റദ്ദാക്കുക, നിശ്ചിത സമയത്ത് പുറപ്പെടാതിരിക്കുക, യാത്ര അനന്തമായി നീളുക, കുതിച്ചുയരുന്ന ടിക്കറ്റ് നിരക്ക് എന്നിവ വർഷങ്ങളായി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളാണ്. പരാതികളും നിവേദനങ്ങളും ഏറെ നൽകിയെങ്കിലും ഒന്നും ഇതുവരെ പരിഹരിക്കപ്പെട്ടില്ല. മറ്റു രാജ്യങ്ങളിലെ വിമാനക്കമ്പനികൾ സുഗമമായി സർവിസ് തുടരുകയും വലിയ ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യയിലേക്കുള്ള സർവിസുകളിൽ ഈ താളപ്പിഴ. ഏറെ മലയാളികൾ യാത്രചെയ്യുന്ന കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ മുടങ്ങലും വൈകലും പതിവാണ്.
എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എന്നിവ പ്രൈവറ്റ് സെക്ടറിൽ വന്നതോടെ യാത്രാദുരിതം മുമ്പുള്ളതിനേക്കാൾ കൂടിയതായി യാത്രക്കാർ പറയുന്നു. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസം കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കിയിരുന്നു.
അതേസമയം, പണലഭ്യതയുടെ അഭാവവും സാങ്കേതികപ്രശ്നങ്ങളും കാരണം പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് കുവൈത്തിൽനിന്നുള്ള സർവിസ് നിർത്തുമോ എന്ന ആശങ്കയും യാത്രക്കാർക്കുണ്ട്. നിലവിൽ കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ ശനി, വ്യാഴം, ചൊവ്വ ദിവസങ്ങളിലായി ഗോ ഫസ്റ്റ് മൂന്നു സർവിസുകൾ നടത്തുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് മറ്റ് ആശ്രയം.
പ്രതിസന്ധി രൂക്ഷമായതോടെ നിലവിൽ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയിൽനിന്നും എൻജിൻ ലഭിക്കാത്തതും പ്രതിസന്ധി ഗുരുതരമാക്കി. പ്രശ്നം തുടർന്നാൽ കുവൈത്ത് സർവിസിനെയും ബാധിച്ചേക്കും. അവധിക്കാലം വരാനിരിക്കെ നിരവധി പേർ ഈ വിമാനത്തിന് കുവൈത്തിൽനിന്ന് മുൻകൂട്ടി ടിക്കറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.