കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം.ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് നിർദേശം നൽകി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറിന്റെ സെൻട്രൽ കൺട്രോൾ റൂമും ഓപറേഷൻ സെൻറര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ സംരക്ഷിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറക്കാനും സമഗ്രമായ ട്രാഫിക് തയാറെടുപ്പുകൾ നടത്താനും നിയമ ലംഘകരെ പിടികൂടാൻ പട്രോളിങ് വ്യാപകമാക്കാനും അദ്ദേഹം നിർദേശിച്ചു. വിവിധ സമയങ്ങളിലെ ഗതാഗത സാഹചര്യം വിലയിരുത്താനും ഗതാഗതക്കുരുക്ക് ഉടനടി കൈകാര്യം ചെയ്യാനും ഉണർത്തി. ആഭ്യന്തര മന്ത്രാലയം ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപറേഷൻസ് അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് ഹംദാൻ അൽ ഖദ്ദയും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.
സെൻട്രൽ കൺട്രോൾ സിസ്റ്റം, നിരീക്ഷണ കാമറകൾ വഴിയുള്ള ട്രാഫിക് നിരീക്ഷണ സംവിധാനം, റോഡുകളിലെയും കവലകളിലെയും ട്രാഫിക്കിന്റെ അളവ് കണക്കാക്കുന്നതിനുള്ള ട്രാഫിക് കൗണ്ടിങ് സിസ്റ്റം എന്നിവ മന്ത്രി വിലയിരുത്തി. ട്രാഫിക് പരാതികൾ ഫോൺ വഴി സ്വീകരിക്കുന്നതിനുള്ള സംവിധാനവും അവ കൈകാര്യം ചെയ്യുന്നതും വിവിധ റോഡുകളിൽ ട്രാഫിക് പട്രോളിങ്ങിന്റെ വ്യാപനവും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.