കുവൈത്ത് സിറ്റി: സുരക്ഷ, അഗ്നിപ്രതിരോധ നിയമങ്ങൾ ലംഘിച്ചതിന് അഹമ്മദി, സബാൻ മേഖലകളിലെ മൂന്ന് ഫാക്ടറികൾക്കെതിരെ നടപടി. ഫയർ ഫോഴ്സ് നടത്തിയ പരിശോധനകൾക്കുപിറകെ ഇവ അടച്ചുപുട്ടി. ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മെക്രാദിന്റെ നിർദേശപ്രകാരമാണ് നടപടി. ഫാക്ടറികളിൽ രാസവസ്തുക്കളും കത്തുന്ന ദ്രാവകങ്ങളും സൂക്ഷിച്ചിരുന്നു. ഇവ നീക്കം ചെയ്യുന്നതിനായി ഫാക്ടറികൾക്ക് നൽകിയ മുന്നറിയിപ്പു കാലയളവ് അവസാനിച്ചതിനെ തുടർന്നാണ് നടപടി.
രാജ്യത്ത് ഉയർന്ന താപനിലയുടെയും തീപിടിത്തങ്ങളുടെയും പശ്ചാത്തലത്തിൽ വാണിജ്യ, നിക്ഷേപ കെട്ടിടങ്ങൾ, വ്യാവസായിക പ്ലോട്ടുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ പരിശോധന നടന്നുവരുകയാണ്. സുരക്ഷ, അഗ്നിപ്രതിരോധ നിയമങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുകയാണ്.
ഫാക്ടറികൾ, വ്യാവസായിക പ്ലോട്ടുകൾ, വാണിജ്യ, നിക്ഷേപ കെട്ടിടങ്ങൾ എന്നിവയുടെ ഉടമകളോടും വാടകക്കാരോടും സുരക്ഷയും അഗ്നിസംരക്ഷണവും ഉറപ്പാക്കാൻ ഫയർ ഫോഴ്സ് പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിച്ച് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.